കോവിഡ് 19: മുന്നറിയിപ്പുകൾ പാലിക്കാത്തവർക്ക് താക്കീതുമായി കുവൈറ്റ്

0
24

കുവൈറ്റ്: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങൾ കൂടുതൽ കടുപ്പിക്കാൻ കുവൈറ്റ്. സർക്കാർ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിക്കാത്തവർക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്നാണ് ഭരണകൂടം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. കൊറോണ വ്യാപനം തടയുന്നതിനായി കനത്ത പ്രതിരോധ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ഫെബ്രുവരി 27 നോ അതിന് ശേഷമോ രാജ്യത്തെത്തിയ പ്രവാസികളിലടക്കം രോഗപരിശോധന നടത്തി വരുന്നുണ്ട്.

ഇത്തരം പരിശോധനകളിൽ സഹകരിക്കാത്ത സർക്കാര്‍ പ്രവര്‍ത്തനങ്ങളിൽ പങ്കാളിയാകാൻ താത്പര്യം കാണിക്കാത്ത പ്രവാസികളെ നാടുകടത്തുമെന്നാണ് ആഭ്യന്തര മന്ത്രി അല്‍ സാലിഹ് അറിയിച്ചിരിക്കുന്നത്. രോഗവ്യാപനം തടയാൻ സർക്കാർ ഇത്രയും ശ്രമങ്ങൾ നടത്തുമ്പോൾ അതിനോട് ജനങ്ങൾ സഹകരിക്കാതെ വരുന്നത് ബുദ്ധിമുട്ടാക്കുന്നുണ്ട്. അത്യാവശ്യമല്ലാത്ത സാഹചര്യങ്ങളിൽ വീടിന് പുറത്തിറങ്ങരുതെന്ന് നിർദേശം നല്‍കിയിട്ടുണ്ട്. ഇതും പാലിക്കാൻ പലരും തയ്യാറാകുന്നില്ല.. ഇത്തരം നിസഹകരണവുമായി മുന്നോട്ട് പോയാൽ കർഫ്യു ഏർപ്പെടുത്താനും മടിക്കില്ലെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

കുവൈറ്റിൽ 130 പേരിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 12 പേർ രോഗമുക്തി നേടി.