കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സംഘടിപ്പിച്ച കല കുവൈറ്റ് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി ജിസിസിയിലെ എഴുത്തുകാർക്കായി ഏർപ്പെടുത്തിയ പ്രഥമ എം.ടി സാഹിത്യ പുരസ്‌കാരം കൈമാറി. കെ.കെ.എൽ.എഫിന്റെ സമാപന സമ്മേളനത്തിൽ വെച്ച് പുരസ്കാരത്തിനർഹനായ ജോസഫ് അതിരുങ്കലിന് പ്രശസ്ത എഴുത്തുകാരൻ അശോകൻ ചരുവിൽ പുരസ്‌കാരം കൈമാറി. ‘ഗ്രിഗർ സാംസയുടെ കാമുകി’ എന്ന കഥാസമാഹാരമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. 50000 രൂപയും ശില്പവും അടങ്ങുന്നതാണ് അവാർഡ്. എല്ലാം കമ്പോളവത്ക്കരിക്കുന്ന, ലാഭം ആത്യന്തികമായി ഒരു സത്യമായി മാറുന്ന കാലത്ത് പ്രണയവും മനുഷ്യൻ തന്നെയും ഇല്ലാതായി പോകുന്ന ദുരന്തത്തെയാണ് ഗ്രിഗർ സാംസയുടെ കാമുകി ആവിഷ്കരിക്കുന്നത്. ജോസഫ് അതിരുങ്കലിന്റെ അഞ്ചാമത്തെ കഥാ സമാഹരമാണിത്.
ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യ മത്സരത്തിലെ കഥ,കവിത, ലേഖനം എന്നീ വിഭാഗങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും വേദിയിൽ വെച്ച് അതിഥികളായ ബെന്യാമിൻ, അശോകൻ ചരുവിൽ, കൈരളി ന്യൂസ് എഡിറ്റർ ശരത് ചന്ദ്രൻ, എഴുത്തുകാരി ഹരിത സാവിത്രി, പ്രിയ വിജയൻ ശിവദാസ് എന്നിവർ കൈമാറി. ദേശാഭിമാനി ഗൾഫ് പ്രവാസികൾക്കായി ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ ചിത്രരചനാ മത്സരത്തിൽ മൂന്നാം സമ്മാനം കരസ്ഥമാക്കിയ ജാൻവിക്കുള്ള ഉപഹാരം ലോക കേരള സഭാഅംഗം ആർ. നാഗനാഥൻ വേദിയിൽ വെച്ച് കൈമാറി.