കല കുവൈറ്റ് ഓണാഘോഷ പരിപാടികൾ ഒഴിവാക്കി:  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിന് ആഹ്വാനം 

0
18

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഒഴിവാക്കുന്നതിന് തീരുമാനിച്ചു. ഇതിനായി നീക്കി വക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനാണ് തീരുമാനം. തുടർച്ചയായ രണ്ടാം വർഷവും കടുത്ത മഴയെ തുടർന്ന് സംസ്ഥാനം ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലാണ് രണ്ടു മേഖലകളിലായി സെപ്റ്റംബർ 20, 27 തീയതികളിൽ നടത്താനിരുന്ന ഓണാഘോഷ പരിപാടികൾ ഒഴിവാക്കുവാൻ തീരുമാനിച്ചത്. കഴിഞ്ഞ വർഷവും പ്രളയത്തെ തുടർന്ന് കല കുവൈറ്റ് ഓണാഘോഷം ഉൾപ്പെടെയുള്ള ആഘോഷ പരിപാടികൾ മാറ്റിവെച്ചുക്കൊണ്ട് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. കൂടാതെ മൂന്നു ഘട്ടങ്ങളിലായി മുഖ്യമന്ത്രിയുടെ ദുരാതാശ്വാസ നിധിയിലേക്ക് ഒരു കോടിയോളം രൂപയും സ്വമാഹരിച്ചു നൽകുകയും ചെയ്തിരുന്നു. ഈ വർഷം ആദ്യ ഘട്ടമെന്ന നിലയിൽ 10 ലക്ഷം രൂപയും കൈമാറിയിട്ടുണ്ട്.

സംസ്ഥാനം കടുത്ത ദുരിതം നേരിടുന്ന അവസരത്തിലും കേന്ദ്ര സർക്കാർ സംസ്ഥാനത്തോടുള്ള കടുത്ത അവഗണന തുടരുകയാണ്. ദുരന്തത്തിൽപെട്ടവരെ പുനരധിവസിപ്പിക്കുന്നതിനും പുനർനിർമ്മാണത്തിനുമായി വലിയ സാമ്പത്തിക ബാധ്യതയാണ് ആവശ്യമായി വന്നിരിക്കുന്നത്. ലോകത്തെമ്പാടുമുള്ള മലയാളികൾ ഒറ്റക്കെട്ടായി നിന്നാൽ മാത്രമെ നമുക്ക് അതിജീവനം സാധ്യമാവുകയുള്ളൂ. അതുകൊണ്ട് തന്നെ കുവൈറ്റ് പ്രവാസി സമൂഹം ഇതിനാവശ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന കല കുവൈറ്റ് കേന്ദ്രക്കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രസിഡന്റ് ടിവി ഹിക്മത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ടികെ സൈജു പ്രവർത്തനങ്ങൾ വിശദീകരിച്ചു. കല കുവൈറ്റ് പ്രവർത്തകരുടെ നേതൃത്വത്തിൽ കുവൈറ്റ് പ്രവാസി സമൂഹത്തിനിടയിൽ ദുതിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 67765810, 6031501, 97910261 (അബ്ബാസിയ), 90039594 (ഫഹാഹീൽ), 50855101 (സാൽ‌മിയ), 97683397 (അബു ഹലീഫ) എന്ന നമ്പറുകളിൽ കല കുവൈറ്റ് ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണ്.