കല കുവൈറ്റ് മാതൃഭാഷ സംഗമം സെപ്റ്റംബർ 5-ന്

0
36

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് കഴിഞ്ഞ 29 വർഷങ്ങളായി നടത്തി വരുന്ന സൗജന്യ മാതൃഭാഷ പഠന പദ്ധതിയുടെ ഭാഗമായി  ഈ വർഷത്തെ മാതൃഭാഷ സംഗമം സെപ്റ്റംബർ 5, വ്യാഴാഴ്ച വൈകിട്ട് 6 മണിയ്ക്ക് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കളിൽ വച്ച് സംഘടിപ്പിക്കുന്നു. പ്രമുഖ ചലച്ചിത്ര, സാംസ്കാരിക പ്രവർത്തകനായ ശ്രീ മധുപാൽ പരിപാടിയിൽ മുഖ്യാതിഥിയായി പന്കെടുക്കും. 2017 മുതൽ കേരള സർക്കാറിന്റെ കീഴിലുള്ള മലയാളം മിഷൻ, കുവൈറ്റ് ചാപറ്ററിന്റെ സഹകരണത്തോടു കൂടിയാണ് ക്ലാസ്സുകൾ സംഘടിപ്പിച്ചു വരുന്നത്. മലയാളം മിഷന്റെ കണിക്കൊന്ന, സൂര്യകാന്തി സിലബസ്സുകൾ കേന്ദ്രീകരിച്ചു നടന്ന പഠനോത്സവങ്ങളിൽ മാതൃഭാഷ ക്ലാസ്സുകളിലെ കുട്ടികൾ വളരെ മികവാർന്ന വിജയമാണ് കരസ്ഥമാക്കിയിരുന്നത്. ഈ വർഷം ജൂൺ മാസം മുതൽ ആരംഭിച്ച 71 ഓളം അവധിക്കാല ക്ലാസ്സുകളിലായി 2000 ഓളം വിദ്യാർത്ഥി – വിദ്യാർത്ഥിനികളാണ് മലയാള ഭാഷയേയും സംസ്കാരത്തെയും കുറിച്ച് പഠിക്കുവാനെത്തിയത്. കുട്ടികളും രക്ഷകർത്താക്കളും മാതൃഭാഷ പ്രവർത്തകരും ഒത്തു ചേരുന്ന ഈ വർഷത്തെ മാതൃഭാഷ സംഗമത്തിൽ കുട്ടികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറും. മാതൃഭാഷ അദ്ധ്യാപകരേയും, ക്ലാസ്സുകൾക്കായി സെന്ററുകൾ നൽകിയവരേയും പരിപാടിയിൽ വെച്ച് ആദരിക്കും. പ്രവർത്തന വർഷം മുഴുവൻ മാതൃഭാഷ പഠനം സഫലീകരിക്കുക എന്ന ആശയത്തോടു കൂടി നടക്കുന്ന തുടർ പഠന ക്ലാസ്സുകൾ സെപ്റ്റംബർ ആദ്യ വാരം ആരംഭിക്കുന്നതാണ്. കുവൈറ്റിലെ മുഴുവൻ ഭാഷാ സ്നേഹികളേയും ഈ സാംസ്കാരിക സംഗമത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.