കല കുവൈറ്റ്  മാതൃഭാഷ സംഗമം സെപ്റ്റംബർ 25ന്.

0
24

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് നടത്തി വരുന്ന സൗജന്യ മാതൃഭാഷ പഠന പദ്ധതിയുടെ ഭാഗമായി  ഈ വർഷത്തെ മാതൃഭാഷ സംഗമം സെപ്റ്റംബർ 25ന്  വെള്ളിയാഴ്ച ഉച്ചക്ക് 3  മണിയ്ക്ക് ഓൺലൈനായി  നടത്തുന്നു. പരിപാടിയിൽ മുഖ്യാതിഥിയായി സാംസ്കാരിക – നിയമവകുപ്പ് മന്ത്രി ശ്രീ: എ കെ ബാലൻ പങ്കെടുക്കും. കുവൈറ്റിൽ കഴിഞ്ഞ 30 വർഷക്കാലമായി കല കുവൈറ്റ് നടത്തിവരുന്ന സൗജന്യ  മാതൃഭാഷ ക്ലാസ്സുകൾ, കഴിഞ്ഞ മൂന്ന് വർഷമായി  കേരള സർക്കാറിന്റെ കീഴിലുള്ള മലയാളം മിഷൻ കുവൈറ്റ് ചാപറ്ററിന്റെ സഹകരണത്തോടു കൂടിയാണ്  സംഘടിപ്പിച്ചു വരുന്നത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ക്ലാസുകൾ ഓൺലൈനായാണ് നടക്കുന്നത്. മാതൃഭാഷ സംഗമത്തിന്റെ ഭാഗമായി മലയാളം ക്ലാസ്സുകളിലെ പഠിതാക്കളായ കുട്ടികളുടെ വിവിധ കലാ പരിപാടികളും ഒരുക്കിയിട്ടുണ്ട്. കുവൈറ്റിലെ മുഴുവൻ ഭാഷാ സ്നേഹികളേയും ഈ വർഷത്തെ ഒൺലൈൻ മാതൃഭാഷ സംഗമത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി കെ നൗഷാദ്, മാതൃഭാഷ സമിതി ജനറൽ കൺവീനർ വിനോദ് കെ ജോൺ എന്നിവർ അറിയിച്ചു.