കല കുവൈറ്റ് മാതൃഭാഷ സമിതി അദ്ധ്യാപക പരിശീലന കളരി സംഘടിപ്പിച്ചു 

0
36
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചു വരുന്ന സൗജന്യ് മാതൃഭാഷ പഠന പദ്ധതിയിൽ ക്ലാസ്സുകൾ നയിക്കുന്ന അദ്ധ്യാപർക്കായി പരിശീലന കളരി സംഘടിപ്പിച്ചു. കല കുവൈറ്റ് അബ്ബാസിയ-സാൽമിയ മേഖലയിലെ അദ്ധ്യാപകർക്കായി അബ്ബാസിയ കല സെന്ററിലും, ഫഹാഹീൽ-അബു ഹലീഫ മേഖലകളിലെ അധ്യാപകർക്കായി അബു ഹലിഫ കല സെന്ററിലുമാണ് പരിശീലന കളരി സംഘടിപ്പിച്ചത്. ക്ലാസ്സുകൾക്ക് മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ അംഗങ്ങളായ അനിൽ കുമാർ, സനൽ കുമാർ എന്നിവർ നേതൃത്വം നൽകി. മലയാളം മിഷൻ പ്രവാസി മലയാളികൾക്കിടയിൽ സംഘടിപ്പിച്ചു വരുന്ന വിവിധ തലത്തിലുള്ള കോഴ്സുകളെ കുറിച്ചും ലക്ഷ്യങ്ങളെ കുറിച്ചും, ക്ലാസ്സുകൾ എങ്ങനെയാണ് എടുക്കേണ്ടത് എന്നതിന്റെ ഡെമൊ അവതരണവും അദ്ധ്യാപകർക്ക് കൂടുതൽ പ്രയോജനകരമായി.
അബ്ബാസിയ കല സെന്ററിൽ വെച്ചു നടന്ന പരിശീലന കളരി കല കുവൈറ്റ് ജനറൽ സെക്രട്ടറി ടികെ സൈജു ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് കേന്ദ്ര മാതൃഭാഷ സമിതി ജനറൽ കൺവീനർ അനീഷ് കല്ലിങ്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കല കുവൈറ്റ് അബ്ബാസിയ മേഖല സെക്രട്ടറി ശമേഷ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ ചീഫ് കോഡിനേറ്റർ ജെ സജി പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. കല കുവൈറ്റ് മാതൃഭാഷ സമിതി അബ്ബാസിയ മേഖല കൺവീനർ കിരൺ കാവുങ്കൽ സ്വാഗതം പറഞ്ഞ പരിപാടിക്ക് സാൽമിയ മേഖല കൺവീനർ ശരത് ചന്ദ്രൻ നന്ദി രേഖപ്പെടുത്തി.
അബു ഹലീഫ കല സെന്ററിൽ വെച്ചു നടന്ന ഫഹാഹീൽ-അബു ഹലീഫ മേഖല പരിശീലന കളരി കല കുവൈറ്റ് പ്രസിഡന്റ് ടിവി ഹിക്‌മത്ത് ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് കേന്ദ്ര മാതൃഭാഷ സമിതി കൺവീനർ അനിൽ കൂക്കിരി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കല കുവൈറ്റ് അബു ഹലീഫ മേഖല സെക്രട്ടറി ജിതിൻ പ്രകാശ്, കേന്ദ്ര മാതൃഭാഷ സമിതി ജനറൽ കൺവീനർ അനീഷ് കല്ലുങ്കൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കല കുവൈറ്റ് മാതൃഭാഷ സമിതി അബു ഹലീഫ മേഖല കൺവീനർ ഓമനക്കുട്ടൻ സ്വാഗതം ആശംസിച്ച പരിപാടിക്ക് ഫഹാഹീൽ മേഖല കൺവീനർ രവീന്ദ്രൻ പിള്ള നന്ദി പറഞ്ഞു.
നാലു മേഖലകളിൽ നിന്നുമായി അദ്ധ്യാപകർ, റിസോഴ്സ് പേഴ്സൺസ്, മാതൃഭാഷ പ്രവർത്തകർ എന്നിവരുൾപ്പെടെ നൂറിലധികം പേരാണ് പരിശീലന കളരിയിൽ പങ്കെടുത്തത്. കുവൈറ്റിലെ എല്ലാ മേഖലകളിലും കല കുവൈറ്റിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന അവധിക്കാല മാതൃഭാഷ പഠന ക്ലാസ്സുകൾ ആരംഭിച്ചിട്ടുണ്ട്.