ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം പൂർത്തിയായി, പ്രതിപക്ഷം ബഹിഷ്ക്കരിച്ചു.

0
27

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പതിനാലാം നിയമസഭയുടെ ഇരുപത്തിരണ്ടാം സമ്മേളനത്തിന് തുടക്കമായി.

രണ്ട് മണിക്കൂർ പത്ത് മിനുറ്റ് നീണ്ട പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരായ വിമർശനങ്ങൾ ഗവർണർ ഒഴിവാക്കിയില്ല. സംസ്ഥാന സർക്കാറിൻ്റെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ കേന്ദ്രം ശ്രമിക്കുന്നതായുള്ള ആരോപണങ്ങളും നയപ്രസംഗത്തിൽ ഉണ്ടായിരുന്നു.

കാര്‍ഷിക നിയമം കോര്‍പറേറ്റുകളെ സഹായിക്കുന്നതാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കുറ്റപ്പെടുത്തി.കാര്‍ഷിക നിയമം കേരളത്തെ ബാധിക്കുമെന്നും പുതിയ നിയമം താങ്ങുവില ഇല്ലാതാക്കുന്നതാണെന്നും ഗവര്‍ണര്‍ പ്രസംഗത്തിൽ പറഞ്ഞു.സമരം ചെയ്യന്ന കര്‍ഷകരുടേത് വലിയ ചെറുത്തുനില്‍പ്പ് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുൻപെങ്ങുമില്ലാത്ത വിധം കടുത്ത വെല്ലുവിളികളും പ്രകൃതി ദുരന്തങ്ങളെയുമാണ് സര്‍ക്കാര്‍ നേരിട്ടത് .കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മരണനിരക്കും കുറയ്ക്കുന്നതിൽ സർക്കാർ നടപടികൾ ഫലം കണ്ടു. ലോക്ഡൗണ്‍ കാലത്ത് ആരെയും സര്‍ക്കാര്‍ പട്ടിണിക്കിട്ടില്ല. എല്ലാ വിഭാഗങ്ങൾക്കും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി. കുടുംബശ്രീ 4000 കോടിയുടെ പദ്ധതികൾ നടപ്പാക്കി. ക്ഷേമ പെൻഷനുകൾ കൂട്ടിയെന്നും ഗവര്‍ണര്‍ പറഞ്ഞു. ഫെഡറിലസത്തിന് എതിരായ നീക്കങ്ങളെ കേരളം നേരിടും വികസന പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകും. മതേതര മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച സര്‍ക്കാരാണിത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം പ്രതിപക്ഷം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം രണ്ടുതവണ തടസ്സപ്പെടുത്താൻ ശ്രമിച്ചു,
നയപ്രഖ്യാപന പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ച പ്രതിപക്ഷത്തെ ഗവർണർ രൂക്ഷമായി വിമർശിച്ചു.

സ്പീക്കർ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള
ബാനർ പിടിച്ച് പ്രതിപക്ഷ അംഗങ്ങൾ സഭയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു തുടർന്ന് അവർ നയപ്രഖ്യാപനം അബഹിഷ്കരിച്ചു.