മിശ്രിഫ് : കാല്‍പ്പന്തുകളിയുടെ പ്രവാസി മാമാങ്കമായ യൂണിമണി കെഫാക് സോക്കർ ലീഗില്‍ മത്സരങ്ങള്‍ ചൂട് പിടിക്കുന്നു.. കഴിഞ്ഞ ദിവസം നടന്ന പ്രാഥമിക ലീഗ് മത്സരങ്ങളില്‍ സോക്കര്‍ കേരള ,റൌദ എഫ്.സി, സില്‍വര്‍ സ്റ്റാര്‍, സി.എഫ്.സി സാല്‍മിയ എന്നീവര്‍ വിജയിച്ചു. ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സോക്കര്‍ കേരള ബിഗ് ബോയ്സിനെ പരാജയപ്പെടുത്തി. സോക്കറിന് വേണ്ടി ആല്‍ബിന്‍, ആഷിക് ,ബിനോജ് എന്നീവര്‍ ഗോളുകള്‍ നേടി. രണ്ടാം മത്സരത്തില്‍ മലപ്പുറം ബ്രദേര്‍സിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് രൌദ എഫ്.സി കീഴടക്കി. റൌദ എഫ്.സിക്ക് വേണ്ടി സേവ്യര്‍ പെരേര ഒരു ഗോളും അബ്ദുല്‍ ഹാഫില്‍ ഇരട്ട ഗോളും സ്കോര്‍ ചെയ്തു. തുടര്‍ന്ന് കരുത്തന്മാര്‍ തമ്മില്‍ എതിരിട്ട മൂന്നാം മത്സരത്തില്‍ സില്‍വര്‍ സ്റ്റാര്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഫഹഹീല്‍ ബ്രദേര്‍സിനെ തോല്‍പ്പിച്ചു .വിജയികള്‍ക്ക് വേണ്ടി വസീമും ശരത്തും ഗോളുകള്‍ നേടി. തിരുവനന്തപുരം സ്ട്രൈക്കേര്‍സും ബ്രദേര്‍സ് കേരളയും നടന്ന മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. അവസാന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് സിയാസ്കോ കുവൈത്തിനെ സി.എഫ്.സി സാല്‍മിയ പരാജയപ്പെടുത്തി. സി.എഫ്.സിക്ക് വേണ്ടി ഹസന്‍ ഗോള്‍ നേടി.ഗ്രൂപ്പ് ബിയില്‍ നടക്കുന്ന അടുത്ത മത്സരങ്ങളില്‍ മാക്ക് കുവൈത്ത് യംഗ് ഷൂട്ടേര്‍സ് അബ്ബാസിയേയും അല്‍ ശബാബ് സ്പാര്‍ക്സ് എഫ്.സിയേയും സി.എഫ്.സി സാല്‍മിയ ബ്ലാസ്റ്റേര്‍സ് കുവൈത്തിനേയും കേരള ചാലഞ്ചെര്‍സ് ബോസ്കോ ചാപ്യന്‍സ് എഫ്.സിയേയും സോക്കര്‍ കേരള സില്‍വര്‍ സ്റ്റാറിനേയേയും നേരിടും.എല്ലാ വെള്ളിയാഴ്ചകളിലും മിഷറഫ് പബ്ലിക് അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ വൈകിട്ട് 4:00 മുതല്‍ രാത്രി 9:00 മണിവരെയാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് . കുവൈത്തിലെ മുഴുവന്‍ ഫുട്ബാള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കുവാനുള്ള സൗകര്യം ഒരുക്കിയതായി കേഫാക് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 99708812,55916413 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ഫോട്ടോ കാപ്ഷന്‍ : ബ്രദേര്‍സ് കേരള ട്രിവാൻഡ്രം സ്ട്രൈക്കേഴ്‌സിനെ നേരിടുന്നു.