കുവൈത്ത് സിറ്റി: കുവൈറ്റ് ഇന്‍റർനാഷണൽ എയർപോർട്ടിനും മുംബൈ എയർപോർട്ടിനും ഇടയിൽ സർവീസ് ആരംഭിക്കാനുള്ള ഇന്ത്യൻ എയർലൈൻ ആയ ആകാശയുടെ അഭ്യർത്ഥനയ്ക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അംഗീകാരം നൽകി. ഓഗസ്റ്റ് 23 മുതൽ സർവീസുകൾ ആരംഭിക്കും. പ്രതിദിനം ഒരു സർവീസ് ആയിരിക്കും ഉണ്ടാകുക. ഇത്തരത്തിൽ ആഴ്ചയിൽ ഏഴ് വിമാനങ്ങൾ ഉണ്ടാകും. കുവൈറ്റിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്ന യാത്രക്കാർക്ക് നേരിട്ടുള്ള ഫ്ലൈറ്റ് ഓപ്‌ഷനുകൾ മെച്ചപ്പെടുത്തുന്നതിനുള്ള ഡിജിസിഎയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ഡിജിസിഎയിലെ ഫ്ലൈറ്റ് ഓപ്പറേഷൻസ് എയർ ട്രാൻസ്‌പോർട്ട് കൺട്രോളർ റെയ്ദ് അൽ താഹർ കുവൈറ്റ് ന്യൂസ് ഏജൻസിയെ (കുന) അറിയിച്ചു. നിലവിൽ, കുവൈറ്റിനും മുംബൈയ്ക്കുമിടയിൽ മാത്രമായിരിക്കും ആകാശ എയറിന്‍റെ സർവിസുകൾ. താമസിയാതെ ഇന്ത്യയിലെ മറ്റു പലയിടങ്ങളിലേക്കും സർവീസുകൾ വിപുലീകരിക്കാൻ വിപുലീകരിക്കാൻ എയർലൈൻ പദ്ധതിയിടുന്നുണ്ട്.