കുവൈത്തിൽ ചാലെറ്റ് വാടക തട്ടിപ്പുകൾ വർധിക്കുന്നു

0
22

കുവൈത്ത് സിറ്റി: വേനലവധിക്കാലം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി ചാലറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്. അവധിക്കാലമായതോടെ വ്യാജ റിസർവേഷനും പേമെൻ്റുകളും ഉൾപ്പെടുന്ന തട്ടിപ്പ് പദ്ധതികൾക്ക് നൂറുകണക്കിന് ആളുകൾ ഇരയായ സാഹചര്യത്തിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം, ടിക് ടോക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ തട്ടിപ്പുകാർ സജീവമാണ്. സാധാരണയിലും കുറഞ്ഞ വിലയ്ക്ക് യാത്രക്കാരെ ആകർഷിക്കുന്ന രീതിയിലാണ് വ്യാജ വെബ്സൈറ്റുകൾ പ്രവർത്തിക്കുന്നത്. ആകർഷകമായ ഓഫറുകൾ നൽകി പ്രലോഭിപ്പിച്ച് പേമെൻ്റുകൾ സ്വീകരിക്കുകയാണ് ചെയ്യുന്നത്. വേനൽക്കാല അവധിദിനങ്ങളും ഈദ് അൽ അദ്ഹയും ചൂഷണം ചെയ്ത് ചാലറ്റുകളിൽ അവധിക്കാലം ചെലവഴിക്കാനുള്ള ആളുകളുടെ ആകാംക്ഷയെ ചൂഷണം ചെയ്യുന്നുവെന്ന് സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി പരാതികൾ സൈബർ ക്രൈം വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്. കുറ്റവാളികളെ കണ്ടെത്തുകയും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. ഏതെങ്കിലും രീതിയിലുള്ള പേമെൻ്റുകൾ നടത്തുന്നതിന് മുമ്പ് വ്യാജ സൈറ്റുകൾ പരിശോധിക്കുകയും വിശദാംശങ്ങൾ സ്ഥിരീകരിക്കുകയും ചെയ്യേണ്ടതിന്‍റെ പ്രാധാന്യം വിദഗ്ധർ ഊന്നിപ്പറഞ്ഞു.