കുവൈത്ത് സിറ്റി : കുവൈറ്റിൽ തെക്കുകിഴക്കൻ കാറ്റ് സജീവമാണെന്നും നാളെ വരെ പൊടിക്കാറ്റിന് സാധ്യയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധരാർ അൽ-അലി പ്രവചിച്ചു. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഫലമായി ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് തുറന്ന പ്രദേശങ്ങളിൽ പൊടിക്കാറ്റ് ശക്തമായിരിക്കും. ദൃശ്യപരത കുറയുമെന്നും തിരമാലകൾ 7 അടി വരെ ഉയരാൻ സാധ്യതയുണ്ടെന്നും ദരാർ അൽ അലി പറഞ്ഞു. ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ദൃശ്യപരത കുറയുമെന്നതിനാൽ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് പൗരന്മാരോടും താമസക്കാരോടും അദ്ദേഹം ആവശ്യപ്പെട്ടു. ഉയർന്ന തിരമാലകൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.