കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ വടക്കു കിഴക്കൻ പ്രദേശത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻ്റിഫിക് റിസർച്ചിന്‍റെ (കെ.ഐ.എസ്.ആർ) ഭാഗമായ കുവൈറ്റ് നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് അറിയിച്ചു. റിക്ടർ സ്കെയിലിൽ 3.5 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 6 കിലോമീറ്റർ ആഴത്തിൽ പ്രാദേശിക സമയം വൈകുന്നേരം 4:46 നാണ് ഭൂചലനം ഉണ്ടായത്. പിന്നീട് വൈകുന്നേരം 6:33ഓടെ റിക്ടർ സ്കെയിലിൽ 2.2 രേഖപ്പെടുത്തിയ ഒരു തുടർചലനവും ഉണ്ടായതായി കുവൈറ്റ് നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് അറിയിച്ചു. കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുകയാണ്.