കുവൈത്ത് സിറ്റി: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ കുവൈത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ കാര്യമായ വർധനവാണ് ഉണ്ടാക്കുന്നത്. പൊതു അവധി ദിനങ്ങളില്‍ രണ്ടര ലക്ഷത്തിലധികം യാത്രക്കാർ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.ഭൂരിഭാഗം പേരും യൂറോപ്യന്‍, അറബ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് താത്പര്യപ്പെടുന്നതെന്ന് അല്‍- ഖബാസ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു.വിമാനത്താവള ഏജന്‍സികളുടെ കണക്കുകള്‍ പ്രകാരം, ചൊവ്വാഴ്ച മുതലുള്ള 12 ദിവസം നീണ്ടുനില്‍ക്കുന്ന പൊതുഅവധി ദിനങ്ങളില്‍ 265,000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 5 വരെയാണ് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളില്‍ 2,505 വിമാന സര്‍വീസുകള്‍ ഉണ്ടാകും.
ഈ കാലയളവില്‍ 1,250 വിമാന സര്‍വീസുകളിലായി 146,000 യാത്രക്കാര്‍ മറ്റു രാജ്യങ്ങളിലേക്ക് പുറപ്പെടുമെന്നും 1,254 വിമാനങ്ങളിലായി 119,000 യാത്രക്കാര്‍ രാജ്യത്ത് എത്തിച്ചേരുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇസ്താംബൂള്‍, കെയ്‌റോ, ദുബായ്, ജിദ്ദ എന്നിവിടങ്ങളാണ് യാത്രക്കാര്‍ പുറപ്പെടാനും എത്തിച്ചേരാനും കൂടുതല്‍ സാധ്യതയുള്ളതായി കണക്കാക്കുന്നത്.