കുവൈത്ത് സിറ്റി : ടെലികമ്മ്യൂണിക്കേഷനിൽ സുതാര്യത വർധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത “ഡിറ്റക്ടർ” (കാശിഫ്) സേവനം കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സി.ഐ.ടി.ആർ.എ) ഔദ്യോഗികമായി ആരംഭിച്ചു. പ്രാദേശിക ടെലികോം ദാതാക്കളുമായും ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായും സഹകരിച്ചാണ് ഈ സേവനം വികസിപ്പിച്ചെടുത്തത്. ഈ സേവനം പ്രകാരം ഫോണിലേക്ക് കോൾ വരുമ്പോൾ വിളിക്കുന്നയാളുടെ ഫോൺ നമ്പറിനൊടൊപ്പം പേരും കാണാൻ സാധിക്കും. ഈ മേഖലയിലെ ഉപയോക്തൃ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന പൊതു ടെലികമ്മ്യൂണിക്കേഷന്‍ നെറ്റ് വർക്കുകൾക്കായുള്ള കോളർ നെയിം ഐഡൻ്റിഫിക്കേഷൻ റെഗുലേഷൻ്റെ ഭാഗമാണ് “ഡിറ്റക്ടർ”സേവനം. മൊബൈൽ അല്ലെങ്കിൽ ലാൻഡ് ലൈൻ നമ്പറിൽ നിന്ന് വിളിക്കുന്ന കക്ഷിയുടെ പേര് തിരിച്ചറിയുന്നതിലൂടെ അജ്ഞാതമോ സംശയാസ്പദമോ ആയ ഉറവിടങ്ങളിൽ നിന്നുള്ള കോളുകളുടെ എണ്ണം കുറയ്ക്കാൻ ഇതുവഴി കഴിയും. സർക്കാർ സ്ഥാപനങ്ങളിൽ നിന്നും സ്വകാര്യമേഖലാ കമ്പനികളിൽ നിന്നുമുള്ള ഇൻകമിംഗ് കോളുകൾ നന്നായി തിരിച്ചറിയാനും പരിശോധിക്കാനും പുതിയ സവിശേഷത ഉപയോക്താക്കളെ സഹായിക്കുമെന്ന് സി.ഐ.ടി.ആർ.എ വ്യക്തമാക്കി. ആശയവിനിമയ സുരക്ഷയും വിശ്വാസവും കൈകാര്യം ചെയ്യുന്നതിൽ സേവനം ഒരു നിർണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.