കുവൈറ്റ് സിറ്റി : കുവൈത്തിൽ ഇന്നും നാളെയുമായി 64ാമത് ദേശീയ ദിനവും 34ാമത് വിമോചന ദിനവും ആഘോഷിക്കും. ഈ മാസം രണ്ടിന് ബയാൻ പാലസിൽ അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് പതാക ഉയർത്തിയതോടെ ആഘോഷ പരിപാടികൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചിരുന്നു. ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകമായ ആഘോഷ പരിപാടികൾ അരങ്ങേറും. തെരുവുകളും സർക്കാർ കെട്ടിടങ്ങളും അമീറിന്റെയും കിരീടാവകാശിയുടെയും കുവൈത്ത് പതാകകളുടെയും ചിത്രങ്ങൾ കൊണ്ട് അലങ്കൃതമായിട്ടുണ്ട്. രാജ്യത്തുടനീളം വിവിധ വലുപ്പത്തിലുള്ള 2,000ത്തോളം കുവൈത്ത് പതാകകളാണ് ഉയർത്തിയിട്ടുള്ളത്.`അഭിമാനവും അന്തസ്സും’ എന്ന മുദ്രാവാക്യത്തിന് കീഴിൽ 138 മൊബൈൽ പരസ്യങ്ങളും ഇൻസ്റ്റാൾ ചെയ്തു. ജഹ്‌റ ഗവർണറേറ്റിലെ റെഡ് പാലസിൽ നിരവധി കൊടിമരങ്ങൾ സ്ഥാപിച്ചിട്ടുമുണ്ട്.
ബ്രിട്ടീഷ് കോളനി ഭരണത്തിൽ നിന്നും കുവൈത്ത് സ്വതന്ത്രമാകുന്നത് 1961 ജൂൺ 19നാണ്. ഈ ദിനത്തിലായിരുന്നു രാജ്യം 1964 വരെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചിരുന്നത്. പിന്നീട് ആഘോഷം ഫെബ്രുവരി 25ലേക്ക് മാറ്റി. ആധുനിക കുവൈത്തിന്റെ ശിൽപി എന്നറിയപ്പെടുന്ന അമീർ ശൈഖ് അബ്ദുള്ള അൽസാലിം അസ്സബാഹിന്റെ സ്ഥാനാരോഹണം നടന്നത് ഫെബ്രുവരി 25നായിരുന്നു. ഈ സ്മരണയിലാണ് ദേശീയ ദിനാഘോഷങ്ങൾ ഫെബ്രുവരി 25ലേക്ക് മാറ്റിയത്. ഇറാഖ് അധിനിവേശത്തിൽ നിന്ന് മോചിതമായതിന്റെ ഓർമ പുതുക്കിയാണ് ഫെബ്രുവരി 26 വിമോചന ദിനമായി ആഘോഷിക്കുന്നത്.