കുവൈറ്റിലെ ആദ്യ സംരംഭം: ലിറ്റിൽവേൾഡ് ഇന്ന് ആരംഭിക്കും

0
119

കുവൈത്ത് സിറ്റി: ലിറ്റിൽവേൾഡ് – വിവിധ രാജ്യങ്ങളുടെ പവലിയനുകൾ, സാംസ്കാരിക പരിപാടികൾ, വൈവിധ്യമായ ഭക്ഷണരുചികൾ തുടങ്ങി ഒരേ കുടക്കീഴിൽ ഒരുക്കുന്ന കുവൈറ്റിലെ ആദ്യ സംരംഭത്തിന് ഇന്ന് തുടക്കമാകും. മിശിരിഫ് എക്സിബിഷൻ സെന്ട്രല് ഏരിയയിൽ ഹാൾ നമ്പർ 6 ന് സമീപത്തുള്ള പാർക്കിങ് ഏരിയയിൽ തുറസ്സായ സ്ഥലത്താണ് കാണികൾക്ക് വിസ്മയം ഒരുക്കി ലിറ്റിൽ വേൾഡ് അരങ്ങേറുക. കുവൈറ്റ്, ഇന്ത്യ, ചൈന, കൊറിയ, ജപ്പാൻ, തായ്‌ലൻഡ്, വിയറ്റ്നാം, ഫിലിപ്പിൻസ് യൂറോപ്പ്, തുർക്കി, ഈജിപ്ത്, GCC തുടങ്ങിയ പതിനാലോളം പവലിയനായാണ് ലിറ്റിൽ വേൾഡ് ആദ്യ സീസണിൽ ഉള്ളത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍, സാംസ്കാരിക പ്രകടനങ്ങള്‍, അന്താരാഷ്ട്ര ഭക്ഷണ അനുഭവങ്ങള്‍, കുട്ടികള്‍ക്കായി പ്രത്യേകമായി രൂപകല്‍പന ചെയ്ത വിനോദങ്ങള്‍ക്കായുള്ള വലിയ വിസ്തൃതിയുള്ള സ്ഥലവും ഇതിന്റെ ഭാഗമായി ഉണ്ടായിരിക്കും. വിവിധ പവലിയനുകളിൽ അതാത് രാജ്യത്തിന്റെ തനത് ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള സുവർണാവസരമാണ് സന്ദർശകർക്കായി ഒരുങ്ങിയിരിക്കുന്നത്. അതോടൊപ്പവും വിനോദ കായിക പരിപാടികൾക്കായുള്ള പ്രത്യേക എന്റർടൈൻമെന്റ് ഏരിയയും കുട്ടികൾക്കുള്ള ഫൺഫെയർ എന്നിവക്കുള്ള സൗകര്യവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. ഏറെ ആകർഷിക്കപ്പെടുന്ന വിവിധ രാജ്യങ്ങളുടെ ഭക്ഷണ തിരഞ്ഞെടുക്കാനുള്ള വിവിധ ഭക്ഷണ ശാലകൾ ലിറ്റിൽ വേൾഡ് ഒരുക്കിയിട്ടുണ്ട്.

വ്യത്യസ്തമായ കാഴ്‌ച ഒരുക്കുന്നതിന്റെ ഭാഗമായി സന്ദർശകർക്കായി മിനി മൃഗശാലയും ഉണ്ടാകും. സർക്കാർ സംവിധാനമായ കുവൈറ്റ് ഇന്റർനാഷണൽ ഫെയർ അതോറിറ്റിയാണ് ഈ പദ്ധതി അവതരിപ്പിക്കുന്നത്. ഇരുപത്തിയഞ്ച് വർഷത്തോളം ദുബായ് ഗ്ലോബൽ വില്ലേജിൽ വിവിധ പവലിയനുകൾ ഒരുക്കിയ വേഗ ഇന്റർനാഷണൽ എക്സിബിഷൻസ് ആണ് പരിപാടിയുടെ മുഖ്യസംഘാടകർ. മേളയിലെ ഏറ്റവും വലിയ പവലിയനുകളിൽ ഒന്നായ ഇന്ത്യ പവലിയൻ തലയെടുപ്പോടെ മുഖ്യ ആകർഷകമായി മേളയിൽ ഒരുങ്ങിക്കഴിഞ്ഞു. ഇന്ത്യയുടെ വിവിധ മേഖലയിൽ നിന്നുള്ള തുണിത്തരങ്ങൾ, തനത് ആഭരണങ്ങൾക്കായുള്ള പ്രത്യേക വിഭാഗം, ലോക പ്രശസ്തമായ കാശ്മീർ തുണിത്തരങ്ങൾ, ഇന്ത്യൻ നിർമ്മിത സുഗന്ധ വസ്തുക്കൾ, ആസ്സാമിൽ നിന്നുള്ള ഊദ് അനുബന്ധ ദ്രവ്യങ്ങൾ, ഇന്ത്യൻ ചാറ്റ് വിഭവങ്ങൾ, മൈലാഞ്ചി കലാകാരികൾ, ഹോം ഡെക്കറേഷൻ, കൈത്തറി വസ്ത്രങ്ങൾ, പ്രശസ്തമായ പഞ്ചാബി തുകൽ ചെരിപ്പുകൾ, ഫാഷൻ തുണിത്തരങ്ങൾ, കർണ്ണാടക പക്ഷിരാജപുരം വനമേഖലയിലെ ആദിവാസി ഹെർബർ എണ്ണകൾ, പരമ്പരാഗത രീതിയിൽ ഉണ്ടാക്കിയ വേദന സംഹാരികൾ ഹെർബൽ എണ്ണ അനുബന്ധ വസ്തുക്കൾ, ആയുവേദ വസ്തുക്കൾ എന്നിവയുടെ വിശാലമായ ശേഖരം തന്നെ ഇന്ത്യ പവലിയനിൽ ഒരുങ്ങുന്നതായി ഇന്ത്യ പവലിയൻ സംഘാടകരായ ദുബായി ആസ്ഥാനമാക്കി പ്രവർത്തിച്ചു വരുന്ന ബാറാക്കാത്ത് എക്സിബിഷൻ സി ഇ ഒ ചന്ദ്രൻ ബേപ്പ് അറിയിച്ചു. സാധാരണ ദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി 10 വരെയും അവധി ദിവസങ്ങളിൽ മൂന്നു മണിമുതൽ രാത്രി 10 വരെയാകും സന്ദർശന സമയം. ലിറ്റിൽവേൾഡിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കുന്ന കുവൈത്തിലെ ആദ്യരാജ്യാന്തര വ്യാപാരമേള മാർച്ച് ഒന്നിന് അവസാനിക്കും.