കുവൈറ്റിലെ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് മുങ്ങി; മലയാളികളെ അന്വേഷിച്ച് അധികൃതർ കേരളത്തിൽ

0
36

കുവൈത്ത് സിറ്റി: കുവൈറ്റിലെ വിവിധ ബാങ്കുകളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയതിന് മലയാളിയായ നിരവധി പേർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തു. കുവൈറ്റിലെ ബാങ്കുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കളമശ്ശേരി, പുത്തൻകുരിശ്, കാലടി, കോടനാട്, മൂവാറ്റുപുഴ, ഊന്നുകൽ, വരാപ്പുഴ, ഞാറക്കൽ എന്നീ പോലീസ് സ്റ്റേഷനുകളിലാണ് പ്രഥമവിവര റിപ്പോർട്ട് (എഫ്ഐആർ) ഫയൽ ചെയ്തിരിക്കുന്നത്. നൂറു കണക്കിന് നഴ്‌സുമാർ അടക്കം തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. തട്ടിപ്പു കേസുകൾ ക്രൈം ബ്രാഞ്ചിന് കൈമാറും. 1425 മലയാളികൾക്കെതിരെയാണ് അന്വേഷണം ഉണ്ടായിരിക്കുക. യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ എന്നിവയുൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് കഴിഞ്ഞ ആറ് വർഷമായി മലയാളികൾ നടത്തിയ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ ആരോപിക്കപ്പെടുന്ന തട്ടിപ്പുകളുടെ എണ്ണം നൂറുകണക്കിന് വരുന്നതായാണ് വിവരം. ചിലർ കേരളത്തിൽ തിരിച്ചെത്തിയതായും മറ്റു ചിലർ യൂറോപ്പിലേക്കും യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കും പലായനം ചെയ്തതായും റിപ്പോർട്ടുണ്ട്. തട്ടിപ്പു നടത്തിയതിൽ 700 മലയാളി നഴ്‌സുമാരും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്.