കുവൈറ്റില്‍ കഷ്ടപ്പെടുന്ന ഇന്ത്യാക്കാരെ നാട്ടിലെത്തിക്കണം; നടപടികൾ ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി

Dean Kuriakose
Dean Kuriakose

കുവൈറ്റിലുള്ള ഇന്ത്യാക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി. ഇതുമായി ബന്ധപ്പെട്ട് വിദേശ കാര്യമന്ത്രി എസ്. ജയശങ്കറിനും കുവൈറ്റ് അബാസിഡർ കെ. ജീവ സാഗറിനും കത്ത് നൽകി.

കുവൈറ്റിൽ ഒരു മാസത്തോളമായി കർഫ്യു നടപ്പാക്കിയിരിക്കുന്നതിനാല്‍ സാധാരണ തൊഴിലാളികളും പൊതുമാപ്പ് ലഭിച്ചവരും വരുമാനമാർഗ്ഗമില്ലാതെ കഷ്ടപ്പെടുകയാണ്. കിട്ടുന്ന ശമ്പളം അപ്പപ്പോൾ നാട്ടിലേക്ക് അയച്ചു കൊടുക്കേണ്ടതുള്ളതിനാൽ പലരും നിത്യവൃത്തിക്കുള്ള പണം കയ്യിലില്ലാത്ത അവസ്ഥയാണ്. ഭൂരിഭാഗം തൊഴിലാളികൾക്കും കിടക്കാൻ മാത്രം ഉള്ള ബെഡ്സ്പേസ് മാത്രമാണുള്ളത്. ജോലിക്ക് പോയി വരുന്ന അവസരങ്ങളിൽ വിശ്രമിക്കാൻ അത് ധാരാളവുമായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തിൽ കടുത്ത പ്രതിസന്ധിയിലാണ് ഭൂരിഭാഗം പേരും.

വേണ്ടത്ര ഭക്ഷണവും മരുന്നും വാങ്ങിയ്ക്കാൻ കഴിയാതെ ഭൂരിഭാഗം തൊഴിലാളികളും മാനസിക സംഘർഷത്തെത്തുടർന്ന് ബ്ലഡ്ഡ്പ്രഷർ, ഹൃദ്രോഗം, ഷുഗർ തുടങ്ങിയ രോഗങ്ങളാൽ ബുദ്ധിമുട്ടിലായിരിക്കുന്ന സാഹചര്യത്തിലാണ് എം.പി വിദേശകാര്യമന്ത്രാലയത്തിന് കത്ത് നൽകിയത്. കുവൈറ്റിലുള്ള ഈജിപ്റ്റ്, യു.കെ, ഫ്രാൻസ് ഫിലിപ്പിൻസ്, ലബനൻ, ഉൾപ്പെടെ ഭൂരിഭാഗം രാജ്യങ്ങളലെയും പൗരൻമാരെ അവരുടെ രാജ്യം ഇടപെട്ട് നാട്ടിലെത്തിച്ച പോലെ നമ്മുടെ പൗരൻമാരെ നാട്ടിലെത്തിക്കുന്നതിന് സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും എം.പി. ആവശ്യപ്പെട്ടു.