കുവൈറ്റിൽ പുതിയ പരിഷ്കരണം: തടവുകാർക്ക് ഭാര്യമാർക്കൊപ്പം ദിവസം ചിലവിടാൻ അവസരമൊരുങ്ങുന്നു

0
17

കുവൈറ്റ്: രാജ്യത്ത് ജയിലിൽ കഴിയുന്നവർക്ക് ഭാര്യാമാരുമായി ഒരു ദിവസം കഴിയാൻ അവസരമൊരുങ്ങുന്നു. പുതിയതായി നടപ്പിലാക്കാൻ പോകുന്ന ജയിൽ പരിഷ്കരണ പദ്ധതിയിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉള്ളത്. പുതിയ മാറ്റം അനുസരിച്ച് തടവുകാർക്ക് ഇനി മുതൽ മാസത്തിലൊരു ദിവസം ഭാര്യമാർക്കൊപ്പം കഴിയാം. ഇതിനായി പ്രത്യേക അപ്പാർട്മെന്റുകളും പണിയും.

ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നവരുടെ മനസിൽ നിന്ന് കുറ്റവാസനകളെ തുടച്ചു നീക്കാനും സമൂഹമായി ഇഴുകിച്ചേര്‍ന്ന് അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായാണ് തടവുകാർക്ക് ഭാര്യമാരൊത്ത് കഴിയാൻ അവസരം നൽകണമെന്ന തീരുമാനവും. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പരിഗണിച്ചാകും പുതിയ പരിഷ്കാരം എന്നാണ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫറാജ് അൽ സുഐബി അറിയിച്ചത്.

പുതിയ പരിഷ്കാരങ്ങൾ അനുസരിച്ച് ശൈത്യകാല ക്യാം‌പുകൾ, കായിക വിനോദങ്ങൾക്കുള്ള സൗകര്യങ്ങൾ, പുനരധിവാസ പരിശീലന ക്ലാസുകൾ, തൊഴിൽ പരിശീലനം, കലാ-സാംസ്കാരിക പരിപാടികൾ എന്നിവയും തടവുകാർക്കായി ഒരുക്കും.