കുവൈറ്റിൽ രണ്ട് പേർക്കു കൂടി കൊറോണ: രോഗബാധിതരുടെ എണ്ണം 45 ആയി

0
43

കുവൈറ്റ്: രാജ്യത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കുവൈറ്റിൽ ആകെ രോഗ ബാധിതരുടെ എണ്ണം 45 ആയി. ഇറാനിൽ നിന്ന് മടങ്ങിയെത്തിയ ആളുകളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എല്ലാവരും ഒരേ വിമാനത്തിലെ യാത്രക്കാരാണ്. വിമാനത്തിലെത്തിയ 126 യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇതില്‍ 45 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നതും കുവൈറ്റിലാണ്.

ഇതുവരെ 1675 പേരെയാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം കൊറോണ പരിശോധനയ്ക്ക് വിധേയരാക്കിയത്. സർക്കാർ ഇടപെടലിൽ ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ കുവൈറ്റ് സ്വദേശികളുടെ പരിശോധന ഫലം നെഗറ്റീവാണ്. അതുപോലെ തന്നെ ഇറാനിൽ നിന്ന് ഖത്തർ വഴി മടങ്ങിയെത്തിയ 22 പേരെ ക്വാറന്റൈൻ ചെയ്ത് നിരീക്ഷിച്ചിരുന്നു. ഇവരിലും ഇതുവരെ വൈറസ് ബാധ കണ്ടെത്താനായിട്ടില്ല.

രോഗബാധിതരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്നും എന്ത് അടിയന്തിരഘട്ടവും നേരിടാൻ ആരോഗ്യമേഖല പൂർണ്ണ സജ്ജമാണെന്നുമാണ് ആരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് സെക്രട്ടറി ഡോ.ബുതാനിയ അൽ മുദ്ധഫ് വാർത്താ സമ്മേളനത്തില്‍ അറിയിച്ചത്.