കുവൈത്ത് സിറ്റി: രാജ്യത്തേക്ക് മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരി വസ്തുക്കൾ എന്നിവയുടെ കടത്ത് തടയുന്നതിനായി ജനറൽ ഡ്രഗ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് വേട്ട കണ്ടെത്തി. ഏകദേശം 15 കിലോയോളം വരുന്ന ലഹരി വസ്തുക്കളാണ് കണ്ടെത്തിയത്. ഇതിൽ 60,000 സൈക്കോട്രോപിക് ഗുളികകളും ഫില്ലിങ്ങിനായുള്ള 70,000 ക്യാപ്സ്യൂളുകളും 350 കുപ്പി മദ്യവും ഇതിൽപ്പെടുന്നു. കൂടാതെ, ലൈസൻസില്ലാത്ത മൂന്ന് തോക്കുകളും പണവും അധികൃതർ പിടിച്ചെടുത്തു. രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച 16 വ്യത്യസ്ത കേസുകളിലായി 25 പേരെയും പിടികൂടി. പ്രതികളെയും കണ്ടെടുത്ത വസ്തുക്കളെയും നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.