കുവൈറ്റിൽ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം: പുതിയ പട്ടിക വൈകാതെ പ്രാബല്യത്തിൽ

കുവൈത്ത് സിറ്റി: രാജ്യത്തെ സ്വകാര്യമേഖലയിലെ സ്വദേശി സംവരണം സംബന്ധിച്ച പുതിയ പട്ടിക വൈകാതെ പ്രാബല്യത്തില്‍‌ വരും. ഇതിനായി മന്ത്രിസഭ അംഗീകരിച്ച പട്ടിക തയ്യാറായിട്ടുണ്ടെന്ന് മാൻപവർ പബ്ലിക് അതോറിറ്റിയാണ് അറിയിച്ചിരിക്കുന്നത്. ഇരുപത്തിയഞ്ചിൽ കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങളിലാണ് ഒരു നിശ്ചിത അനുപാതത്തില്‍ സ്വദേശികള്‍ക്ക് സംവരണം ചെയ്തിരിക്കുന്നത്. സ്ഥാപനങ്ങൾ അനുസരിച്ച് ഈ അനുപാതത്തിൽ വ്യത്യാസമുണ്ടാകും.

ഈ സംവരണ അനുപാതം നിശ്ചിത കാലാവധി കഴിയുമ്പോൾ പുതുക്കി നിശ്ചയിക്കണമെന്ന നിയമം അനുസരിച്ചാണ് ഇപ്പോൾ പുതിയ പട്ടിക തയ്യാറായിരിക്കുന്നത്. വാണിജ്യ മന്ത്രാലയത്തിലെ ഡിജിറ്റലൈസേഷൻ സംവിധാനങ്ങൾ പൂർത്തിയാക്കിയാലുടൻ തന്നെ ഇത് പ്രാബല്യത്തിൽ വരും. ഇതിനിടെ കുടിയേറ്റ തൊഴിലാളികൾക്കായി ഷെൽറ്റർ പണിയുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.