കുവൈറ്റ്: രാജ്യത്ത് ആദ്യമായി ജോലിക്കെത്തുന്നവർക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് തെളിയിക്കുന്ന പൊലീസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റുകൾ നിർബന്ധമാക്കി ആഭ്യന്തര മന്ത്രാലയം. ക്ലീൻ ക്രിമിനൽ റെക്കോഡ് ആണെന്ന് വ്യക്തമാക്കി സ്വന്തം രാജ്യത്തു നിന്ന് തന്നെയുള്ള സർട്ടിഫിക്കറ്റാണ് ഇതിൽ ആദ്യത്തേത്. കുവൈറ്റ് എംബസി ഉണ്ടെങ്കിൽ അവിടെ നിന്ന് ഇതിന്റെ ആധികാരികത ഉറപ്പാക്കുകയും വേണം. കുവൈറ്റിൽ എത്തുന്നതിന് മൂന്ന് മാസത്തിനകത്തുള്ള സർട്ടിക്കറ്റ് വേണം ഹാജരാക്കാൻ.
രണ്ടാമത്തെ ആധികാരിക രേഖ കുവൈറ്റ് ഫോറന്‍സിക് വിഭാഗത്തിന്റെതാണ്. ഇതും മൂന്നു മാസത്തില്‍ താഴെയുള്ളതായിരിക്കണം. സർക്കാര്‍ മേഖലകളിൽ തൊഴില്‍ വിസയ്ക്ക് അപേക്ഷിക്കുന്ന എല്ലാവരും ഇതിന് മുമ്പ് യാതൊരു കുറ്റകൃത്യത്തിലും ഉൾപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്ന ക്ലീന്‍ ക്രിമിനൽ റെക്കോഡ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് അറിയിപ്പ്. ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദേശം സിവില്‍ സര്‍വീസ് കമ്മീഷൻ വിവിധ സര്‍ക്കാർ വകുപ്പുകളെ അറിയിച്ചിട്ടുണ്ട്.