കുവൈറ്റിൽ 75,000 കാപ്റ്റ​ഗൺ ഗുളികകൾ പിടിച്ചെടുത്തു

0
9

കുവൈത്ത് സിറ്റി: കുവൈത്തിൽ നടന്ന ഒരു മയക്കുമരുന്ന് വിരുദ്ധ ഓപറേഷനിൽ ലഹരി വസ്തുക്കൾ കടത്താനുള്ള ശ്രമം തടഞ്ഞു. കുവൈത്തിന്റെ നാർക്കോട്ടിക്സ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്മെന്റ് ഖത്തറിലെ ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ചാണ് ഓപറേഷൻ നടത്തിയത്. 75,000 യൂണിറ്റ് വരുന്ന കാപ്റ്റ​ഗൺ ​ഗുളികകളാണ് പിടിച്ചെടുത്തത്. സ്പെയർ പാർട്ട്സുകളിൽ ഒളിപ്പിച്ച് കുവൈത്തിലേക്ക് കടത്താനായിരുന്നു ശ്രമം. ലഹരിവസ്തുക്കൾ സ്വീകരിക്കാൻ ഉണ്ടായിരുന്ന ഒരു സിറിയൻ പൗരനെയും ഉടൻ പിടികൂടി. യൂറോപ്യൻ രാജ്യത്ത് താമസിക്കുന്ന ഒരു ബന്ധുവാണ് മയക്കുമരുന്ന് സ്വീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ചുമതല തനിക്ക് നൽകിയതെന്ന് പ്രതി പിന്നീട് സമ്മതിച്ചു. പിടിച്ചെടുത്ത ലഹരി വസ്തുക്കളും പ്രതിയെയും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.