കുവൈറ്റ്: രാജ്യത്തെ പ്രവാസി മലയാളികൾക്ക് യാത്രാനിരക്കില്‍ ഇളവുകളുമായി കുവൈറ്റ് എയർവേയ്സ്. നോര്‍ക്ക ഫെയർ നിലവിൽ വന്നതോടെ പ്രവാസി മലയാളികൾക്ക് ഇനി യാത്രാനിരക്കില്‍ ഏഴ് ശതമാനം ഇളവ് ലഭിക്കും. ഇത് സംബന്ധിച്ച് ധാരണാപത്രത്തിൽ നോർക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിയും കുവൈറ്റ് എയര്‍വേയ്സ് സെയില്‍സ് മാനേജര്‍ സുധീർ മേത്തയും തമ്മില്‍ ഒപ്പു വച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു ധാരണ പത്രത്തിൽ ഒപ്പു വച്ചത്.
നോര്‍ക്ക ഫെയര്‍ എന്നറിയപ്പെടുന്ന ഈ ആനുകൂല്യത്തിന് നോര്‍ക്ക ഐഡി കാര്‍ഡുള്ള പ്രവാസിക്കും ജീവിതപങ്കാളിക്കും 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രസ്തുത ഇളവ് ലഭിക്കും.ഫെബ്രുവരി 20 മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരും.
കുവൈറ്റ് എയര്‍വേയ്സിന്‍റെ വെബ്സെറ്റിലൂടെയും എയര്‍വേയ്സിന്‍റെ ഇന്ത്യയിലെ സെയില്‍സ് ഓഫിസുകള്‍ മുഖേനയും പ്രവാസി മലയാളികള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. ഇതിനായി NORKA20 എന്ന Promo Code ഉപയോഗിക്കാവുന്നതാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ അറിയിച്ചു. കുടുതല്‍ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്സിന്‍റെ ടോള്‍ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും.