കുവൈറ്റ് വിദേശകാര്യ മന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി

0
34

ന്യൂഡൽഹി: ഇന്ത്യയിൽ ദ്വിദിന സന്ദർശനത്തിനെത്തിയ കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ-യഹ്‌യ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആഗോളതലത്തിൽ ഏറ്റവും ബുദ്ധിമാനായ നേതാക്കളിൽ ഒരാളായി വാഴ്ത്തുകയും ചെയ്തു. ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ അൽ-യഹ്‌യയുടെ അജണ്ടയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സുദൃഢവും ബഹുമുഖവുമായ ബന്ധം വർധിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. ബുധനാഴ്ച ഉച്ചയ്ക്ക് അദ്ദേഹം പ്രധാനമന്ത്രി മോദിയെ ലോക് കല്യാൺ മാർഗിലെ വസതിയിൽ കണ്ടു, തുടർന്ന് ഹൈദരാബാദ് ഹൗസിൽ ജയശങ്കറുമായി ചർച്ച നടത്തി. ഇന്ത്യൻ പൗരന്മാരുടെ ക്ഷേമത്തിനായുള്ള കുവൈത്തിൻ്റെ പ്രതിബദ്ധതയ്ക്ക് പ്രധാനമന്ത്രി മോദി നന്ദി അറിയിച്ചു. കുവൈറ്റുമായി ചരിത്രപരവും സാംസ്കാരികവുമായ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ സമർപ്പണവും അദ്ദേഹം ആവർത്തിച്ചു.