കുസാറ്റ് സപ്ലി പരീക്ഷ നടത്തണമെന്നാവശ്യപ്പെട്ട് പ്രവാസി വിദ്യാർഥികൾ

0
26
കുവൈത്ത് സിറ്റി: കുസാറ്റ് ബിടെക് സപ്ലിമെൻററി പരീക്ഷ നീണ്ടുപോവുന്നതിൽ ആശങ്കയുമായി വിദ്യാർഥികൾ. 2012 സ്കീം (2012- 16, 2013 -17, 2014 – 18) വർഷങ്ങളിൽ ബിരുദം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് കഴിഞ്ഞ ഏപ്രിലിൽ നടത്താൻ തീരുമാനിച്ച സബ്ലി പരീക്ഷയാണ് കോവിഡ് കാരണം മാറ്റിവെച്ചത്. മറ്റു സർവകലാശാലകൾ പരീക്ഷ ഒാൺലൈനായോ അല്ലാതെയോ നടത്തിയതായി വിദ്യാർഥി കൂട്ടായ്മ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ രണ്ടുവർഷമായി ഇൗ വിദ്യാർഥികൾക്ക് സ്പെഷൽ സപ്ലിമെൻററി ഒഴിവാക്കിയിരുന്നു. സർവകലാശാല ചട്ട പ്രകാരം എട്ട് വർഷം മാത്രമാണ് കോഴ്സ് കാലയളവ്. അതുപ്രകാരം 2012 സ്കീം വിദ്യാർഥികൾക്ക് ഇത് അവസാന വർഷമാണ്. 2013 വിദ്യാർഥികൾക്ക് അടുത്ത മാർച്ചോടെ കാലാവധി തീരും. സർവകലാശാലയിൽ ചെന്നും അല്ലാതെയും നടത്തിയ അന്വേഷണങ്ങൾക്ക് വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് വിദ്യാർഥികൾ പറയുന്നു. ഏപ്രിലിൽ പരീക്ഷക്കായി വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയ വിദ്യാർഥികൾ നിരാശരാകേണ്ടി വന്നു. വിദേശത്തുനിന്ന് വന്ന പലർക്കും വിമാന സർവീസ് ഇല്ലാത്തതിനാൽ തിരിച്ചുപോവാനും കഴിഞ്ഞില്ല. അതിനിടെ 2015 സ്കീം പരീക്ഷ ഒാൺലൈനായി നടത്തിയെന്നും ഇൗ മാതൃകയിൽ തങ്ങൾക്കും അവസരം വേണമെന്നാണ് ആവശ്യമെന്നും വിദ്യാർഥികൾ പറഞ്ഞു. പരീക്ഷ വൈകുന്നത് കൊണ്ട് ഉപരിപഠന സാധ്യത അടഞ്ഞുകിടക്കുകയാണെന്നും നല്ല ജോലി അവസരം നഷ്ടമായതായും വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു.