ആലപ്പുഴ: കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസുമായി കാർ കൂട്ടിയിടിച്ച് വണ്ടാനം ടിഡി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികൾ മരിക്കുകയും ആറ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്തൻ (19), പാലക്കാട് ശേഖരിപുരം സ്വദേശി ശ്രീദേവ് വത്സൻ (19) കോട്ടയം ചേന്നാട് സ്വദേശി ആയുഷ് ഷാജി (19) ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശി പി.പി.മുഹമ്മദ് ഇബ്രാഹിം പി.പി (19). കണ്ണൂർ പാണ്ട്യാല സ്വദേശി മുഹമ്മദ് അബ്ദുൾ ജബ്ബാർ (19) എന്നിവരാണ് മരിച്ചത്. അപകടത്തിൽ 15 ബസ് യാത്രക്കാർക്കും പരിക്കേറ്റു. 11 യാത്രക്കാർ സഞ്ചരിച്ചിരുന്ന കാറിൽ അമിതഭാരം ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. കനത്ത മഴ, വാഹനത്തിൻ്റെ പഴക്കം, അമിതഭാരം എന്നിവയാണ് അപകടത്തിന് കാരണമായതെന്ന് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ (ആർടിഒ) പറഞ്ഞു. കളർകോട് ചങ്ങനാശേരി ജംഗ്ഷനിൽ നിന്ന് ഏകദേശം 100 മീറ്റർ വടക്ക് മാറി രാത്രി 9.30 ഓടെയായിരുന്നു അപകടം. ഗുരുവായൂർ-കായംകുളം ഫാസ്റ്റ് പാസഞ്ചർ ബസും കാറും തമ്മിൽ കൂട്ടിയിടിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. കാറിലുണ്ടായിരുന്ന മൂന്ന് പേർ തൽക്ഷണം മരിച്ചു. ബസുമായി കൂട്ടിയിടിക്കുന്നതിന് മുമ്പ് കാർ അമിത വേഗതയിലായിരുന്നുവെന്ന് ബസ് കണ്ടക്ടർ മനീഷ് അറിയിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ ബസിൻ്റെ അടിയിൽപ്പെട്ട് പൂർണമായും തകർന്നു.