കെട്ടിടം പൊളിക്കുന്നതിനിടെ തകർന്നുവീണു

0
70

കുവൈത്ത് സിറ്റി: ജാബ്രിയ മേഖലയിലെ ആറ് നില കെട്ടിടം പൊളിക്കുന്നതിനിടെ തകർന്നുവീണു. അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നറിയാനുള്ള തിരച്ചിൽ തുടരുകയാണെന്ന് കുവൈറ്റ് ഫയർ സർവീസ് ഡയറക്ടറേറ്റ് അറിയിച്ചു. സംഭവം നടന്നതായി വിവരം ലഭിച്ചയുടനെ ഫയർഫോഴ്‌സ് ടീമുകൾ സംഭവസ്ഥലത്തേക്കെത്തി. സുരക്ഷാ ഉദ്യോഗസ്ഥരും ആംബുലൻസ് ജീവനക്കാരും അഗ്നിശമന സേനാംഗങ്ങളും സംയുക്തമായി തിരച്ചിൽ നടത്തുകയാണ്. അതേസമയം അവശിഷ്ടങ്ങൾക്കടിയിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സ്നിഫർ നായ്ക്കളെ ഉപയോഗിക്കുന്നുണ്ട്.

അപകടത്തിന് കാരണമായ അനാസ്ഥയ്ക്ക് ഉത്തരവാദികളായവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. 4 കെട്ടിടങ്ങളാണ് ഇവിടുള്ളത്. ഇത് പൊളിക്കാൻ മുനിസിപ്പാലിറ്റി അനുമതി നൽകിയതായി ഹവല്ലി ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ച് ഡയറക്ടർ എൻജി. ഹമൂദ് അൽ മുതൈരി പറഞ്ഞു. കെട്ടിടം പൊളിക്കുന്നതിനിടെ, ഇതിന്‍റെ ഒരു ഭാഗം സമീപത്തെ കെട്ടിടത്തിനടുത്തേക്ക് തകർന്നുവീഴുകയായിരുന്നു. കെട്ടിടം പൊളിക്കുമ്പോൾ ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കാത്തതിന് കരാർ കമ്പനിക്കും എഞ്ചിനീയറിംഗ് ഓഫീസിനുമെതിരെ പിഴയുൾപ്പടെയുള്ള മിയമ നടപടി സ്വീകരിക്കുമെന്ന് അൽ മുതൈരി വ്യക്തമാക്കി. കെട്ടിടം തകർന്നുവീണപ്പോൾ സമീപം പാർക്കുചെയ്തിരുന്ന കാറിനും കേടുപാടുകൾ സംഭവിച്ചു.