കേട്ടിട്ടുണ്ടോ ? പാമ്പൻ പാലത്തെക്കുറിച്ച്

0
32

ദക്ഷിണേന്ത്യയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ധനുഷ്കോടിക്കും രാമേശ്വരത്തിനും സവിശേഷ സ്ഥാനമുണ്ട്. 1914 ലാണ് മണ്ഡപത്തെയും രാമേശ്വരത്തെയും ബന്ധിപ്പിച്ചുകൊണ്ട് കടൽപാലം വരുന്നത്. നൂറ്റാണ്ടിലേറെ പഴക്കമുള്ള, രണ്ടു കിലോമീറ്ററിലേറെ നീളമുള്ള പാമ്പൻ പാലം രാജ്യത്തെ ഏറ്റവും നീളമുള്ള കടൽപാലമാണ്. കാലപ്പഴക്കം മൂലം അറ്റകുറ്റപ്പണികൾ അസാധ്യമായതോടെയാണ് പഴയ പാമ്പൻ പാലത്തിന് സമാന്തരമായി പുതിയ പാമ്പൻ പാലത്തിന്റെ പണി കഴിഞ്ഞ് ട്രയൽ റൺ കഴിഞ്ഞു . വൈകാതെ രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് പാലമായ പാമ്പൻ പാലം നാടിനു സമർപ്പിക്കും.

നിരവധി ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച പാലമാണ് പാമ്പൻ പാലം. 1915 ൽ തുറന്നുകൊടുത്ത ഈ പാലത്തിലൂടെയാണ് സിലോണിലേക്ക് (ഇപ്പോഴത്തെ ശ്രീലങ്ക) ഇന്ത്യയിൽ നിന്നുള്ള യാത്രികർ പോയിരുന്നത്. ഇന്ന് രാമേശ്വരം വരെയാണ് തീവണ്ടിയെങ്കിൽ അന്ന് ധനുഷ്കോടി വരെ തീവണ്ടി എത്തിയിരുന്നു. ധനുഷ്കോടിയിൽ നിന്നു 16 കിലോമീറ്റർ മാത്രമാണ് ശ്രീലങ്കയിലേക്കുള്ള ദൂരം. എന്നാൽ 1964 ഡിസംബർ 22 നുണ്ടായ ചുഴലിക്കാറ്റ് ധനുഷ്കോടിയെ വീണ്ടെടുക്കാനാവാത്തവിധം കശക്കിയെറിഞ്ഞുകളഞ്ഞു. അന്ന് 115 യാത്രികരുള്ള ഒരു ട്രെയിൻ പോലും കടലെടുത്തു, പട്ടണവും റോഡും റെയിൽവേപ്പാളവും നശിച്ചു. പാമ്പൻ പാലത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചെങ്കിലും കപ്പലുകൾ വരുമ്പോൾ തുറക്കുന്ന ഭാഗത്തിന് തകരാറുണ്ടായില്ല. പ്രതീക്ഷിച്ചതിലും വേഗത്തിൽ 46 ദിവസം കൊണ്ട് പാമ്പൻ പാലത്തിന്റെ അറ്റകുറ്റപ്പണികൾ തീർത്താണ് ഇ. ശ്രീധരൻ ശ്രദ്ധേയനാവുന്നത്. 1988 ൽ റെയിൽവേ ട്രാക്കിനു സമാന്തരമായി റോഡു വഴിയുള്ള പാലം വരുന്നതു വരെ രാമേശ്വരത്തുള്ളവർക്ക് വൻകരയുമായുള്ള ഏകബന്ധം ഈ പാമ്പൻ പാലമായിരുന്നു. ഇന്നും പാമ്പൻ പാലമെന്ന എൻജിനീയറിങ് വിസ്മയം രാമേശ്വരത്തും ധനുഷ്കോടിയിലും എത്തുന്നവരെ ആകർഷിക്കുന്നു. പുതിയ പാമ്പൻ പാലത്തിന്റെ നിർമാണം 2019 നവംബറിൽ പ്രഖ്യാപിച്ചപ്പോൾ, 2022 മാർച്ചിൽ പൂർത്തിയാക്കാമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കോവിഡിന്റെ വരവ് പാലത്തിന്റെ നിർമാണം വൈകിപ്പിച്ചു. 535 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പാമ്പൻ പാലത്തിന്റെ നിർമാണം റെയിൽവേ വികാസം നിഗം ലിമിറ്റഡിന്റെ നേതൃത്വത്തിൽ പര്യവസാനിച്ചു. ഉടനെ നാടിനു സമർപ്പിക്കും. രാമേശ്വരം തീർഥാടകർക്കും ധനുഷ്കോടിയിലെത്തുന്ന വിനോദ സഞ്ചാരികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്നതായിരിക്കും പുതിയ പാമ്പൻ പാലം. പഴയ പാലത്തേക്കാൾ മൂന്നു മീറ്റർ ഉയരം കൂടുതലുണ്ട് പുതിയ പാമ്പൻ പാലത്തിന്റെ തൂണുകൾക്ക്. രാജ്യത്തെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് കടൽപാലമാണ് പാമ്പൻ പാലമെന്ന് റെയിൽവേ ബോർഡ് ചെയർപഴ്സൻ അറിയിച്ചിട്ടുണ്ട്.

ട്രെയിൻ നിയന്ത്രണ സംവിധാനങ്ങളുമായി ബന്ധിപ്പിച്ചാണ് വെർട്ടിക്കൽ ലിഫ്റ്റ് സംവിധാനം പ്രവർത്തിക്കുക. ബോട്ടുകളും കപ്പലുകളും കടന്നു പോകുമ്പോൾ പാലം കുത്തനെ ഉയർത്തുകയും ട്രെയിൻ പോവേണ്ട സമയത്ത് താഴ്ത്തുകയും ചെയ്യും. പാമ്പൻ പാലത്തിന്റെ നടുവിലായുള്ള 72.5 മീറ്റർ ഭാഗമാണ് ഇങ്ങനെ ഉയർത്തുക. 22 മീറ്റർ വരെ ഉയരമുള്ള കപ്പലുകൾക്ക് പാലത്തിനടിയിലൂടെ കടന്നു പോവാനാവും. 18.3 മീറ്റർ അകലത്തിലുള്ള 100 തൂണുകളും നടുവിലായി 63 മീറ്ററുള്ള നാവിഗേഷൻ സ്പാനുമാണ് പുതിയ പാലത്തിലുള്ളത്. പുതിയ പാമ്പൻ പാലത്തിന്റെ പണി പൂർത്തിയാവുന്നതോടെ പാമ്പൻ ദ്വീപിലേക്കുള്ള യാത്രകൾ കൂടുതൽ എളുപ്പവും സുരക്ഷിതവുമാവും.