കുവൈറ്റ് സിറ്റി: ധനകാര്യമന്തി നിർമല സീതാരാമൻ അവതരിപ്പിച്ച ഈ വർഷത്തെ ബജറ്റിൽ കേരളത്തോടുള്ള തികഞ്ഞ അവഗണനയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് പ്രസ്താവനയിൽ പറഞ്ഞു.
മുന്നണിയിലെ സമ്മർദങ്ങൾക്ക് വഴങ്ങി ചില സംസ്ഥാനങ്ങൾക്കുവേണ്ടി അവതരിപ്പിക്കപ്പെട്ട ബജറ്റായി ദേശീയ ബജറ്റ് ചുരുങ്ങി. രാജ്യത്തെ ദുർബല ജനവിഭാഗങ്ങളെ സഹായിക്കുന്നതോ കാർഷിക മേഖലയ്ക്ക് ഉണർവ് പകരുന്നതോ ആയ ഒരു പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. സബ്സിഡികളിലും പദ്ധതി വിഹിതത്തിലുമെല്ലാം കുറവ് വരുത്തി, തൊഴിലില്ലായ്മ പരിഹരിക്കുന്നതിനാവശ്യമായ പദ്ധതികളോ പ്രഖ്യാപനങ്ങളോ ഇല്ല . വികസന പ്രക്രിയയിലും, ആരോഗ്യ-വിദ്യാഭ്യാസ-ക്ഷേമ രംഗത്തുമുൾപ്പടെ ദേശീയ അന്തർദേശയീ സൂചികയിൽ മുന്നിൽ നിൽക്കുകയും എന്നാൽ പ്രകൃതി ദുരന്തങ്ങളുൾപ്പടെ നേരിട്ടുകൊണ്ട് പ്രതിസന്ധി നേരിടുന്ന കേരള സംസ്ഥാനത്തെ പാടെ അവഗണിക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. കാർഷിക മേഖലയെ സഹായിക്കുന്നതോ എയിംസ് ഉൾപ്പെടെയുള്ള വലിയ പദ്ധതികൾക്ക് വേണ്ടിയിട്ടുള്ളതോ ആയ സംസ്ഥാനത്തിന് അത്യന്താപേക്ഷിതമായ ഒരു പ്രഖ്യാപനങ്ങളും ബജറ്റിൽ ഉൾപ്പെട്ടിട്ടില്ല.
കേരളത്തോടുള്ള സമീപനത്തിൽ മുൻ കാലങ്ങളിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച അതേ അവഗണന ഈ ബജറ്റിലും തുടർന്നിട്ടും സംസ്ഥാനത്തുനിന്നുള്ള കേന്ദ്ര മന്ത്രിമാരുടെ മൗനം സംസ്ഥാനത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ആക്റ്റിങ് പ്രസിഡന്റ് റിച്ചി കെ ജോർജ് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.