കേരള പിറവി ദിനത്തിൽ രക്തദാനക്യാമ്പുമായി ബിഡികെ കുവൈത്ത്

0
19

 

കുവൈത്ത് സിറ്റി: സന്നദ്ധ രക്തദാനരംഗത്തെ നവമാധ്യമ കൂട്ടായ്മയായ ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്റർ കേരളപ്പിറവി ദിനത്തിൽ സെൻട്രൽ ബ്ലാങ്കിന്റെ സഹകരണത്തോടെ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. നവംബർ 1, വെള്ളിയാഴ്‌ച ഉച്ചക്ക് 2 മുതൽ വൈകുന്നേരം 6 വരെ ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് നടന്ന ക്യാമ്പിൽ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി, സമൂഹത്തിന്റെ നാനാതുറകളിലും ഉള്ള നിരവധിപേർ രക്തം ദാനം ചെയ്തു.

വർഷത്തിലെ ഓരോ വിശേഷദിനങ്ങളിലും രക്തദാനമെന്ന മഹത്തായ കർമ്മം ചെയ്യുന്നതിലൂടെ മനുഷ്യൻ തീർത്ത എല്ലാ അതിർവരമ്പുകൾക്കും അപ്പുറം പരസ്പരം പങ്കുവയ്ക്കലിന്റെയും, സഹജീവിസ്നേഹത്തിന്റെയും സന്ദേശം സമൂഹത്തിൽ വ്യാപിപ്പിക്കുക എന്നതാണ് ബിഡികെ ഉദ്ദേശിക്കുന്നത്. 2019 ൽ തന്നെ ഇന്ത്യൻ റിപ്പബ്ലിക് ദിനം, കുവൈത്ത് ദേശീയദിനം, ലോക വനിതാ ദിനം, ലോക ജലദിനം, ലോക രക്തദാതൃ ദിനം, ഇന്ത്യൻ സ്വാതന്ത്ര്യ ദിനം തുടങ്ങിയവയോടനുബന്ധിച്ചും ബിഡികെ കുവൈത്ത് രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു.

ലോകത്തിന്റെ ഏത് കോണിൽ പോയാലും സ്വന്തം നാടിനോടും, മാതൃഭാഷയോടുമുള്ള ആത്മബന്ധം ഉയർത്തിപ്പിടിക്കുന്നവരാണ് മറ്റുള്ളവരേപ്പോലെ തന്നെ കേരളീയരും. അതുകൊണ്ട് തന്നെ കേരളപ്പിറവിയോടനുബന്ധിച്ച് സംഘടിപ്പിച്ച ക്യാമ്പിൽ കേരളീയ വേഷത്തിൽ തന്നെ കുടുംബസമേതമാണ് പലരും പങ്കെടുത്തത്. കൂടാതെ വിവിധരാജ്യക്കാരായ അനേകം പ്രവാസിസുഹൃത്തുക്കളും കേരളപ്പിറവിദിനത്തിന് ഐക്യദാർഢ്യവുമായി രക്തം ദാനം ചെയ്തു.

ജയകൃഷ്ണൻ, രമേശൻ ടി. എം, ജിഷ അനു, യമുന രഘുബാൽ, ദീപു ചന്ദ്രൻ, മുനീർ പിസി, ബിജി മുരളി, ശരത് കാട്ടൂർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്തവർക്ക് സാക്ഷ്യപത്രങ്ങൾ വിതരണം ചെയ്തു.

2016 ൽ പ്രവർത്തനമാരംഭിച്ച ബിഡികെ കുവൈത്ത് ചാപ്റ്റർ, ഇന്ത്യൻ ഡോക്ടേഴ് ഫോറം, ദർശൻ ഫോട്ടോഗ്രഫി, മ്യൂസിക് ബീറ്റ്സ്, യാത്ര കുവൈത്ത്, ജമന്തി ഡിസൈൻസ്, ഡികെ ഡാൻസ് വേൾഡ് തുടങ്ങിയവയുടെ പിന്തുണയോടെയാണ് പരിപാടികൾ സംഘടിപ്പിച്ചു വരുന്നത്. പ്രമുഖ മണി എക്സ്ചേഞ്ച് സ്ഥാപനമായ യൂണിമണി അവരുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പദ്ധതിയുടെ ഭാഗമായി ബിഡികെ കുവൈത്തിന്റെ നിലവിലെ സ്പോൺസർമാരായി പ്രവർത്തിക്കുന്നുമുണ്ട്.

സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാനക്യാമ്പുകൾ, ഫ്ലാഷ് മോബുകൾ, ഡാറ്റാ കളക്ഷൻ, ബോധവൽക്കരണ ക്ലാസ്സുകൾ തുടങ്ങിയ നിരവധി രക്തദാനപ്രചരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ താത്പര്യമുള്ളവരും, അടിയന്തിര ഘട്ടത്തിൽ രക്തദാതാക്കളുടെ സൌജന്യസേവനം ആവശ്യമുള്ളവരും ബിഡികെ കുവൈത്തിന്റെ ഹെൽപ്പ് ലൈൻ നമ്പരുകളായ 6999 7588 / 5151 0076 എന്നിവയിലൊന്നിൽ ബന്ധപ്പെടാവുന്നതാണ്.