കേളി വാദ്യകലാപീഠം കുവൈറ്റിൻ്റെ വാദ്യോത്സവ് 2024  സംഘടിപ്പിച്ചു. വാദ്യോത്സവ് 2024

0
27

കേരളീയ വാദ്യകലകളായ പഞ്ചാരിമേളം, ചെമ്പടമേളം, പാണ്ടിമേളം, പഞ്ചവാദ്യം എന്നിവ അഭ്യസിപ്പിക്കുന്നതിന് 2017 ൽ നീലേശ്വരം ശ്രീരാഗ് മാരാർ, ശ്രീനാദ് മാരാർ സഹോദരങ്ങളാൽ രൂപീകൃതമായ കേളി വാദ്യകലാപീഠം കുവൈറ്റിൻ്റെ 7-ാമത് വാർഷിക ആഘോഷവും പഞ്ചാരിമേളം, തായമ്പക അരങ്ങേറ്റം വാദ്യോത്സവ് 2024  സംഘടിപ്പിച്ചു.  കുവൈറ്റിലെ സെൻട്രൽ സ്കൂൾ അബ്ബാസിയയിൽ പ്രൗഡഗംഭീര സദസ്സിനു മുൻപിൽ വെച്ച്  കേളിയുടെ രക്ഷാധികാരി കൂടിയായ വാദ്യകുലപതി പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ കമൽ രാധാകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു, കുവൈറ്റിലെ സാമൂഹിക മാനുഷിക പ്രവർത്തകനായ മനോജ് മാവേലിക്കര,നാടക സംവിധായകനായ ഷിമേജ് കുമാർ,ഫാദർ ഗീവർഗീസ് ജോൺ എന്നിവർ ആശംസ നേർന്നു. കുവൈറ്റിലെ മേളാസ്വാദക സംഘത്തിൻ്റെ പ്രഥമ “വാദ്യശ്രീ” പുരസ്കാരം നീലേശ്വരം ശ്രീനാദ് മാരാർക്കും ശ്രീരാഗ് മാരാർക്കും മട്ടന്നൂർ ശങ്കരൻകുട്ടി ആശാൻ സമ്മാനിച്ചു. തായമ്പകയിൽ 2 ശിഷ്യരുടേയും, 24 ശിഷ്യരുടെ പഞ്ചാരിമേളം അരങ്ങേറ്റം അമ്പതോളം കലാകാരന്മാരുടെ നേതൃത്ത്വത്തിൽ ദൃശ്യ ശ്രവ്യ വിസ്മയമായി കുവൈറ്റിലെ മേള ചരിത്രത്തിൻ്റെ ഭാഗമായി. കേളി വാദ്യകലാപീഠം കുവൈറ്റ് സ്ഥാപകരായ ശ്രീരാഗ് മാരാർ, ശ്രീനാദ് മാരാർ എന്നിവരോടൊപ്പം കമൽ രാധാകൃഷണൻ, ബിജു ഭാസ്കർ എന്നിവർ നേതൃത്വം നൽകി .