കൊറോണ: അവസരം മുതലെടുത്ത് മെഡിക്കൽ സ്റ്റോർ ഉടമകൾ; മാസ്കുകളുടെ വില കുത്തനെ കൂട്ടി

0
17

കുവൈറ്റ്: രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അവസരം മുതലെടുക്കാൻ വ്യാപാരികൾ. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഫേസ് മാസ്കുകൾക്ക് ആവശ്യക്കാർ ഏറിയിരുന്നു. തുടർന്ന് ഇവയുടെ വില കുത്തനെ കൂട്ടുകയാണ് മെഡിക്കൽ സ്റ്റോർ ഉടമകൾ ചെയ്തത്. ഇത്തരത്തിൽ വില വർധന നടത്തിയ ആറ് മെഡിക്കൽ സ്റ്റോറുകൾ വാണിജ്യ മന്ത്രാലയം അടച്ചു പൂട്ടി. അടിയന്തിരഘട്ടങ്ങളിൽ മുതലെടുപ്പ് നടത്തുന്നവർക്കെതിരെ വാണിജ്യ മന്ത്രി ഖാലിദ് അൽ റൗദാന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നടപടിയുണ്ടായത്.

ഫേസ് മാസ്കുകൾക്ക് 100 ഫിൽസ് മുതല്‍ 1.350ദിനാർ വരെയാണ് മന്ത്രാലയം നിശ്ചയിച്ച വില. എന്നാൽ ഇത് കുത്തനെ കൂട്ടി വിൽപ്പന നടത്തിയെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് നീക്കം. ആവശ്യം കൂടിയ സാഹചര്യത്തിൽ ഫേസ് മാസ്കുകൾ കരിഞ്ചന്തയിൽ വില്‍പ്പന നടത്തുന്നവർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.