കൊറോണ ഖത്തറിലേക്കും: ഇറാനിൽ നിന്ന് മടങ്ങിയെത്തിയ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

ദോഹ: കൊറോണ വൈറസ് ഖത്തറിലേക്കും. ഇറാനിൽ നിന്ന് മടങ്ങിയെത്തിയ 36കാരനായി സ്വദേശിയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറാനിൽ കൊറോണ വ്യാപിച്ച സാഹചര്യത്തിൽ സ്വന്തം പൗരന്മാരെ ഖത്തർ പ്രത്യേക വിമാനത്തിൽ കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ചിരുന്നു. ഇവരെ ക്വാറന്റൈൻ ചെയ്ത് പ്രത്യേക കേന്ദ്രത്തിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഇതിലൊരാളിലാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

വൈറസ് സ്ഥിരീകരിച്ചതോടെ ഇയാളെ ഐസോലേറ്റ് ചെയ്ത് മാറ്റി. രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും വൈറസ് വ്യാപനം തടയാനുള്ള മാർഗങ്ങൾ സ്വീകരിച്ചുവെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഖത്തറും സൗദി അറേബ്യയും ഒഴികെയുള്ള എല്ലാ ജിസിസി രാഷ്ട്രങ്ങളിലും കൊറോണ സ്ഥിരീകരിച്ചിരുന്നു. രാജ്യത്തും വൈറസ് വ്യാപനത്തിന് സാധ്യതയുണ്ടെന്ന് പ്രതീക്ഷിച്ചിരുന്നത് തന്നെയാണെന്നാണ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ വ്യാപനം തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് ഖത്തർ.