കുവൈറ്റ്: മടങ്ങിയെത്തുന്ന പ്രവാസികൾ കോവിഡ് 19 കൊറോണ ബാധിതരല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കുവൈറ്റ് സര്‍ക്കാർ തീരുമാനത്തിൽ ആശങ്ക അറിയിച്ച് കേരള പ്രവാസി ക്ഷേമനിധി ബോർഡ്. കുവൈറ്റ് സിവില്‍ ഏവിയേഷൻ പുറത്തിറക്കിയ ഈ ഉത്തരവിനെ തുടർന്ന് പ്രവാസികൾക്കിടയിലുണ്ടായ ആശങ്കകൾ അകറ്റണമെന്നാവശ്യപ്പെട്ട് കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ അജിത്ത് കുമാർ കേരള സർക്കാറിന് കത്തയച്ചു.
ഇന്ത്യയിലെ കുവൈറ്റ് എംബസി അംഗീകൃത വൈദ്യ പരിശോധന ഏജൻസിയായ GAMCAക്ക് വൈറസ് പരിശോധന സൗകര്യങ്ങളോ നിയമപരമായ സാധുതകളോ ഇല്ലാത്ത പശ്ചാത്തലത്തിൽ അവധിക്കായി നാട്ടിലെത്തിയിരിക്കുന്ന നിരവധി പേരുടെ ആശങ്കകൾ പരിഹരിക്കണമെന്നാണ് ആവശ്യം. വിഷയം കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ കൊണ്ടു വരണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.