കൊറോണ വൈറസ്: കർശന നിരീക്ഷണം ഏർപ്പെടുത്തി കുവൈറ്റ്

കുവൈറ്റ്: ചൈനയിലെ വുഹാനിൽ ഉദ്ഭവിച്ച കൊറോണ വൈറസ് ഭീതി പരത്തി മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികൾ കൂടുതൽ കർശനമാക്കി കുവൈറ്റ്. രാജ്യത്തെ പൂർണ്ണമായും കൊറോണ മുക്തമാക്കുന്നതിനായി എയർപോർട്ടിലടക്കം കർശന സുരക്ഷാ പരിശോധനകളും നിരീക്ഷണവുമാണ് ഏർപ്പെടുത്തിയിരുക്കുന്നതെന്നാണ് സുരക്ഷാ വൃത്തങ്ങളെ ഉദ്ദരിച്ചുള്ള റിപ്പോർട്ടുകൾ.

രാജ്യത്തെത്തുന്ന എല്ലാ പൗരന്മാരെയും വിശദമായ പരിശോധനകൾക്കാണ് വിധേയരാക്കുന്നത്. കൊറോണ വൈറസ് വ്യാപിച്ച കാലയളവിൽ ഇവർ ചൈനയിലോ ഹോങ്കോങ്ങിലോ ആയിരുന്നില്ലെന്നും അവിടേക്ക് യാത്ര ചെയ്തിട്ടില്ലെന്നും ഉറപ്പാക്കാൻ പാസ്പോർട്ട് അടക്കം വിശദമായി പരിശോധിക്കുന്നുണ്ട്. ഇതിനു ശേഷം മാത്രമാണ് മെഡിക്കൽ പരിശോധനകൾക്ക് അയക്കുന്നത്. വൈറസ് വ്യാപന കാലയളവിൽ ചൈനയിലേക്ക് യാത്ര പോയവര്‍ക്ക് കുവൈറ്റിൽ പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.

ഭീതി പടർത്തുന്ന വൈറസിനെ രാജ്യത്തു നിന്ന് അകറ്റി നിർത്താൻ എല്ലാവിധ പ്രതിരോധ സംവിധാനങ്ങളും നടപ്പിലാക്കിയിരിക്കുകയാണ് കുവൈറ്റ് ഭരണകൂടം.