കൊല്ലത്ത് യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റി; രണ്ടു പേർ കസ്റ്റഡിയിൽ

0
36

കൊല്ലം:  മൈനാഗപ്പള്ളിയിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ച സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തയാൾ കരുനാഗപ്പള്ളി സ്വദേശി അജ്മലാണെന്ന് ശാസ്താംകോട്ട പൊലീസ് അറിയിച്ചു. മൈനാഗപ്പള്ളി സ്വദേശി കുഞ്ഞുമോളാണ് അപകടത്തിൽ മരിച്ചത്. ഞായറാഴ്ച വൈകീട്ട് 5.45 ഓടെ മൈനാഗപ്പള്ളിയിൽ വച്ച് അജ്മൽ ഓടിച്ച കാർ സ്‌കൂട്ടറിൽ പോവുകയായിരുന്ന രണ്ട് സ്ത്രീകളെ ഇടിച്ചാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ സ്ത്രീകൾ താഴെ വീഴുകയും കുഞ്ഞുമോൾ കാറിനടിയിൽ വീഴുകയും ചെയ്തു. അപകടത്തെത്തുടർന്ന് ആളുകൾ ഓടിയെത്തുന്നത് കണ്ട് പരിഭ്രാന്തനായ അജ്മൽ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ കുഞ്ഞുമോളുടെ മുകളിലൂടെ കാർ ഓടിച്ചു. കുഞ്ഞുമോളുടെ കഴുത്തിൽ കാറിൻ്റെ പിൻചക്രം ഉരുണ്ട് കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞുമോളുടെ ജീവൻ രക്ഷിക്കാനായില്ല. അപകടസമയത്ത് സ്വകാര്യ ആശുപത്രിയിലെ ഒരു വനിതാ ഡോക്ടറും അജ്മലിനൊപ്പം കാറിൽ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. അവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട അജ്മലിനെ പിന്നീട് കരുനാഗപ്പള്ളിയിലെ സുഹൃത്തിൻ്റെ വീട്ടിൽ നിന്ന് പോലീസ് പിടികൂടി. അതേസമയം, സംഭവത്തിൽ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അപകടത്തെക്കുറിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലം ജില്ലാ പോലീസ് മേധാവിയോട് കമ്മീഷൻ അംഗം വികെ ബീനാകുമാരി ആവശ്യപ്പെട്ടു.