കോഴിക്കോട്: അതിശക്തമായ മഴയെത്തുടർന്ന് കോഴിക്കോട് വിലങ്ങാട് മലയങ്ങാട് ഭാഗത്ത് ഉരുൾപൊട്ടൽ. 10 തവണ പല സ്ഥലങ്ങളിലായാണ് ഉരുൾപൊട്ടിയത്. മഞ്ഞച്ചീളി, അടിച്ചിപ്പാറ, മലയങ്ങാട്, പാനേം, വലിയ പാനോം, പന്നിയേരി, മുച്ചങ്കയം തുടങ്ങിയ സ്ഥലങ്ങളിലാണ് ഉരുൾ പൊട്ടിയത്.
മലയങ്ങാട് പാലം ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. ഒരാളെ കാണാതായി. അടിച്ചിപ്പാറയിലുണ്ടായ ഉരുൾ പൊട്ടലിൽ കുമ്പളച്ചോല എൽ.പി സ്കൂൾ റിട്ട. അധ്യാപകൻ മഞ്ഞച്ചീളി സ്വദേശി കുളത്തിങ്കൽ മാത്യു എന്ന മത്തായിയെയാണ് കാണാതായത്.
പ്രദേശത്തെ 12 കുടുംബങ്ങൾ ഒറ്റപ്പെട്ടു. നാല് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പുഴയുടെ വശത്തുണ്ടായിരുന്ന വീടുകൾക്കാണ് കേടുപാടുകളുണ്ടായത്.
ഈ പ്രദേശത്തെ ആളുകളെ ഇന്നലെ തന്നെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. അതുകൊണ്ട് വലിയ ആളപായമുണ്ടായിട്ടില്ല. കാണാതായ ആള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ പ്രദേശത്തെ റോഡുകളെല്ലാം തകര്‍ന്നു. വീടുകള്‍ക്കെല്ലാം വലിയ നാശനഷ്ടമാണ് ഉണ്ടായിക്കുന്നത്. എന്‍.ഡി.ആര്‍ സംഘം വിലങ്ങാട് എത്തിയിട്ടുണ്ട്. വയനാട്ടിലെ മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടിയ സമയത്താണ് വിലങ്ങാടും ഉരുള്‍പൊട്ടലുണ്ടായതെന്നാണ് കരുതുന്നത്.