ഡൽഹി: കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ ആരേയും നിർബന്ധിക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാക്സിനേഷൻ സ്വീകരിക്കുന്നതു സംബന്ധിച്ച് ജനങ്ങൾക്ക് സ്വയം തീരുമാനമെടുക്കാം. ഇന്ത്യയിൽ നിർമിക്കുന്ന വാക്സിൻ മറ്റു രാജ്യങ്ങൾ വികസിപ്പിച്ചെടുത്ത വാക്സിനുകൾ പോലെ ഫലപ്രദമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.വാക്സീൻ സ്വീകരിക്കുമ്പോൾ പനി, വേദന തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടാകാം. അതിനുവേണ്ട ക്രമീകരണങ്ങൾ ഒരുക്കാൻ സംസ്ഥാന സർക്കാരുകളോട് നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. വാക്സീനെടുക്കുന്നവർ തിരിച്ചറിയൽ കാർഡ് വച്ച് റജിസ്റ്റർ ചെയ്യും. വാക്സീൻ എടുക്കാൻ അനുവദിച്ച സ്ഥലം, തീയതി, സമയം എന്നിവ മൊബൈലിലേക്ക് എസ്എംഎസ് ആയി ലഭിക്കും. വാക്സീൻ എടുത്ത ശേഷം ക്യുആർ കോഡ് രീതിയിൽ സർട്ടിഫിക്കറ്റ് വ്യക്തികളുടെ മൊബൈലിലേക്ക് അയച്ചു നൽകുമെന്നും ആരോഗ്യമന്ത്രാലയം വിശദീകരിച്ചു.