കോവിഡ് 19: വാർത്തകളെക്കാള്‍ വേഗം പ്രചരിച്ച് വ്യാജ വാര്‍ത്തകൾ

0
32

കുവൈറ്റ്: കോവിഡ് 19 വ്യാപനത്തിൽ ലോകമെങ്ങും ആശങ്കയിലാണ്. ഇതിനിടെയാണ് ആളുകളുടെ പരിഭ്രാന്തി ഉയർത്തുന്ന തരത്തിൽ വ്യാജപ്രചരണങ്ങൾ നടക്കുന്നത്. ഇത്തരത്തിൽ ഒരു വ്യാജ വാർത്തയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് കുവൈറ്റ് മുൻസിപ്പൽ അധികൃതർ.

കൊറോണ വൈറസ് മൂലം നിരവധി മരണം ഉണ്ടായെന്നും ഇവരെ മറവു ചെയ്യാനായി അമ്പത് ശവക്കുഴികൾ തോണ്ടാൻ മുൻസിപ്പൽ അധികൃതർ ഉത്തരവിട്ടെന്ന ഒരു സന്ദേശം പ്രചരിച്ചിരുന്നു. ജനങ്ങളിൽ ആശങ്ക പടർത്തിയ ഈ സന്ദേശം വാട്സ് ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയകൾ വഴി വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കുവൈറ്റ് മുൻസിപ്പൽ അധികൃതർ വിശദീകരണവുമായെത്തിയിരിക്കുന്നത്.

ഇത്തരത്തിലൊരു ഉത്തരവും പുറപ്പെടുവിച്ചില്ലെന്നാണ് മുൻസിപ്പാലിറ്റി വക്താവ് അൽ‌ മുതൈരി അറിയിച്ചത്. മരണപ്പെട്ടവർക്ക് മര്യാദ നൽകി കുളിപ്പിക്കല്‍ മുതൽ അടക്കം വരെയുള്ള ചടങ്ങുകൾ നിയമപരമായി തന്നെ ഫ്യൂണറൽ അഫേഴ്സ് വകുപ്പാണ് നല്ലരീതിയിൽ ചെയ്തു പോരുന്നത്. ഭരണനിര്‍വഹണ പ്രവർത്തനങ്ങളും സ്വാഭാവിക രീതിയിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്. മറിച്ചുള്ള വ്യാജവാര്‍ത്തകൾ തള്ളിക്കളയണമെന്നാണ് മുൻസിപ്പാലിറ്റി പ്രസ്താവനയിൽ അറിയിച്ചത്. കൊറോണയുമായി ബന്ധപ്പെട്ട വാർത്തകൾക്ക് ഔദ്യോഗിക മാധ്യമങ്ങളെ തന്നെ ആശ്രയിക്കണമെന്നും അദ്ദേഹം അറിയിച്ചു.