കോവിഡ് 19: സൗദി കൂടുതൽ നിയന്ത്രണങ്ങളിലേക്ക്; സ്വകാര്യ മേഖലയിലും അവധി

0
24

റിയാദ്: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സൗദിയിൽ കൂടുതൽ നിയന്ത്രണങ്ങൾ. മക്കയും മദീനയും ഒഴികെ രാജ്യത്തെ എല്ലാ പള്ളികളും താത്ക്കാലികമായി അടച്ചിരിക്കുകയാണ്. നിസ്കാരത്തിനായി പള്ളികളിൽ നിന്ന് ബാങ്ക് ഉണ്ടാകുമെങ്കിലും വീടുകളിൽ തന്നെ നിസ്കരിക്കണമെന്നാണ് നിർദേശം. അതുപോലെ തന്നെ മയ്യത്ത് നമസ്കാരം ഖബർസ്ഥാനങ്ങളിൽ മതിയെന്നും മതകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി സൗദിയിലെ സര്‍‌ക്കാർ വകുപ്പുകൾക്ക് നേരത്തെ അവധി നൽകിയിരുന്നു. അവധി സ്വകാര്യ വകുപ്പുകളിലേക്ക് കൂടി വ്യാപിപ്പിച്ചു കൊണ്ട് ഇന്ന് ഉത്തരവിറങ്ങി. പതിനഞ്ച് ദിവസത്തേക്കാണ് നിയന്ത്രിത അവധി. എന്നാല്‍ ഈ മേഖളകളിലുള്ളവർ വീടുകളിലിരുന്ന് ജോലി ചെയ്യണമെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ആദ്യഘട്ടത്തിൽ കമ്പനികളുടെ ആസ്ഥാനങ്ങളിൽ മാത്രമാകും പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരിക. വെള്ളം, വൈദ്യുതി, ടെലികമ്മ്യൂണിക്കേഷന്‍ മേഖലകൾക്ക് അവധി ബാധകമല്ല. എന്നാൽ ഇവിടെ ജീവനക്കാരെ കുറയ്ക്കണമെന്ന് നിർദേശമുണ്ട്.

സൗദിയിൽ ഇതുവരെ 171 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്.