കോൺഗ്രസ് ഉള്ളിടത്തോളം കാലം പൗരത്വ നിയമ ഭേദഗതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ചിദംബരം

0
52

തിരുവനന്തപുരം: കോൺഗ്രസ് രാജ്യത്തുള്ളിടത്തോളം കാലം പൗരത്വ നിയമ ഭേദഗതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരം. എല്ലാത്തരത്തിലും ഭരണഘടനാവിരുദ്ധമാണ് ഈ നിയമം. ഭരണഘടനയുടെ അടിത്തറ തകർക്കുന്ന നിയമം നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് നടത്തിയ മഹാറാലി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും ഭരണഘടനാ വിരുദ്ധവും യുക്തി രഹിതവുമാണ്. നിയമം പിൻവലിക്കുകയും ദേശീയ പൗരത്വ രജിസ്റ്ററിന്റെ പ്രവർത്തനങ്ങൾ പൂർണമായും അവസാനിപ്പിക്കുകയും ചെയ്യണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ഈ ആവശ്യം അംഗീകരിക്കപ്പെടുന്നതു വരെ പ്രക്ഷോഭം തുടരുമെന്നും ചിദംബരം വ്യക്തമാക്കി.

പാളയം രക്തസാക്ഷി മണ്ഡപത്തിന് മുൻപിൽ നിന്നാരംഭിച്ച കോൺഗ്രസ് മഹാറാലിക്ക് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരുൾപ്പെടെയുള്ളവർ നേതൃത്വം നൽകി.