കർഷകരുടെ മുന്നിൽ മുട്ട് മടക്കി ഇന്ത്യൻ കോർപ്പറേറ്റ് ഭീമൻ

മോദി സർക്കാരിനെതിരായ കർഷക സമരത്തിൽ ഏറ്റവും കൂടുതൽ ഉയർന്ന് കേട്ട മുദ്രാവാക്യം, മോദിക്ക് വേദനിക്കണമെങ്കിൽ സുഹൃത്തുക്കളായ മുതലാളിമാർക്ക് വേദനിക്കണമെന്നാണ്. അതിൽ ആദ്യത്തെ ലക്ഷ്യം കർഷകർ നേടി. റിലയൻസിന് വേദനിച്ചിരിക്കുന്നു. കരാർ കൃഷിക്കും കൃഷി ഭൂമി വാങ്ങാനുമില്ലെന്ന് വ്യക്തമാക്കി റിലയൻസ് പ്രസ്താവനയിറക്കി. കർഷകർക്ക് താങ്ങ് വില ഉറപ്പാക്കി കൊണ്ട് , ഇടനിലക്കാർ മുഖേനയേ ഭക്ഷ്യ വസ്തുക്കൾ വാങ്ങൂ. കാർഷികോൽപ്പനങ്ങൾ വാങ്ങാൻ ദീർഘകാല കരാർ ഉണ്ടാക്കില്ലെന്നും റിലയൻസ് വ്യക്തമാക്കി.

റിലയൻസ് ഉൽപ്പന്നങ്ങൾ ബഹിഷ്ക്കരിക്കാനുള്ള കർഷകരുടെ ആഹ്വാനം കമ്പനിയുടെ പ്രവർത്തനത്തെ ബാധിച്ചതിനെ തുടർന്നാണ് പ്രസ്താവന ഇറക്കിയത്. പഞ്ചാബിൽ മാത്രം റിലയൻസ് ജിയോയുടെ 1500 ഓളം ടവറുകൾ നശിപ്പിക്കപ്പെട്ടു. ജിയോ നമ്പറുകൾ ലക്ഷക്കണക്കിന് ആളുകൾ ബഹിഷ്ക്കരിച്ചു. റിലയൻസ് പെട്രോൾ പമ്പുകളും , റിലയൻസ് ഫ്രഷ് പോലുള്ള സ്ഥാപനങ്ങളും കർഷക സമരത്തെ അനുകൂലിക്കുന്നവർ തുറക്കാൻ അനുവദിട്ടില്ല. ഈ സാഹചര്യത്തിലാണ് കർഷക രോഷം തണുപ്പിക്കാൻ പ്രസ്താവനയുമായി റിലയൻസ് രംഗത്തിറങ്ങിയത്.