തിരുവനന്തപുരം: കവി നീലമ്പേരൂർ മധുസൂദനൻ നായർ അന്തരിച്ചു. 82 വയസ്സായിരുന്നു.വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്ത് ആശുപത്രിയിലായിരുന്നു അന്ത്യം.
പുരോഗമന സാഹിത്യ സംഘത്തിന്റെ നേതാവായിരുന്നു. ചമത എന്ന കാവ്യ സമാഹാരത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹമായിട്ടുണ്ട്. പതിനഞ്ചോളം കവിതാസമാഹാരങ്ങളുൾപ്പെടെ മുപ്പതോളം കൃതികളുടെ കർത്താവാണ്.
കുട്ടനാട്ടിലെ നീലമ്പേരൂരിൽ മാധവൻപിള്ളയുടെയും പാർവതിയമ്മയുടെയും മകനായി ജനിച്ചു. കേരള സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗമായിരുന്നു. എംഗൽസിന്റെ കവിതകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.
സ്നേഹപൂർവ്വം മീര എന്ന സിനിമക്കായി ഗാനങ്ങളും രചിച്ചു. സെക്രട്ടറിയേറ്റ് വ്യവസായ വാണിജ്യവകുപ്പിൽ ജോയിന്റ് ഡയറക്ടറായി വിരമിച്ചു.