ഗതാഗത ലംഘനങ്ങൾ കണ്ടെത്താൻ രാജ്യത്തെങ്ങും എ ഐ ക്യാമറകൾ

0
11

കുവൈത്ത് സിറ്റി – സീറ്റ് ബെൽറ്റ് ധരിക്കാത്തതും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ഉൾപ്പെടെയുള്ള ഗതാഗത ലംഘനങ്ങൾ കണ്ടെത്താൻ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം. ഇതിന്റെ ഭാഗമായി ഓട്ടോമേറ്റഡ് മോണിറ്ററിംഗ് ക്യാമറ സംവിധാനം അവതരിപ്പിച്ചു. മെച്ചപ്പെട്ട ട്രാഫിക് നിരീക്ഷണത്തിനായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ആധുനിക സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തുന്നതിന് പ്രഥമ ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് സൗദ് അൽ സബാഹ് എന്നിവർ നൽകിയ നിർദ്ദേശങ്ങളെ തുടർന്നാണ് നടപടി. എല്ലാ ഡ്രൈവർമാരും സീറ്റ് ബെൽറ്റ് ധരിച്ചും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം ഒഴിവാക്കിയും നിയന്ത്രണങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു. ട്രാഫിക് അപകടങ്ങൾ കുറയ്ക്കുകയും കുവൈത്തിൻ്റെ റോഡ് ശൃംഖലയിൽ മൊത്തത്തിലുള്ള സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ സാങ്കേതിക മുന്നേറ്റത്തിൻ്റെ പ്രാഥമിക ലക്ഷ്യം . നിയമലംഘനങ്ങൾ കൃത്യമായി കണ്ടെത്തി പരിഹരിക്കുന്നതിലൂടെ ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.