ഗള്‍ഫിലെ ഇന്ത്യൻ സ്കൂളുകളിലെ ഫീസ്: ആറ് രാജ്യങ്ങൾക്ക് കത്തയച്ച് നോര്‍‌ക്ക

0
17

ഗള്‍ഫിലെ ഇന്ത്യൻ സ്കൂളുകളിൽ ഫീസ് അടയ്ക്കുന്നതിനുള്ള സമയപരിധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് നോർക്ക. ഇതുമായി ബന്ധപ്പെട്ട് ആറ് ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ അംബാസഡർമാർക്ക് കത്തയച്ചു. യുഎഇ, ഖത്തർ, കുവൈത്ത്, ഒമാൻ, മസ്കത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഇന്ത്യൻ അംബാസിഡർമാർക്കാണ് കത്തയച്ചത്.

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള നിയന്ത്രണങ്ങളെ തുടർന്ന് ഗൾഫ് മേഖലയിലടക്കം ജോലി ചെയ്യുന്നവർ കടുത്ത പ്രതിസന്ധിയിലാണ്. ഇത്തരമൊരു സാഹചര്യത്തിൽ സ്കൂൾ ഫീസ് കൂടി താങ്ങാനാവില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ വിദേശമലയാളികൾ ആവശ്യപ്പെട്ടിരുന്നു. ഇതിൽ അടിയന്തിര ഇടപെടൽ വേണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചതിന് പിന്നാലെയാണ് നോർക്കയുടെ ഇടപെടൽ.

പല ഇന്ത്യൻ സ്കൂളുകളിലും ഓൺലൈൻ ക്ലാസുകൾ നടത്തി ഫീസ് ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ അതത് രാജ്യത്തെ അംബാസിഡർമാർ അടിയന്തരമായി ഇടപെടണമെന്നും നോർക്ക ആവശ്യപ്പെട്ടു.
വീസ കാലാവധി കഴിഞ്ഞവർക്ക് ആരോഗ്യ ഇൻഷുറൻസ് നീട്ടി ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കലാവധി കഴിയുന്ന വീസ, പാസ്പോർട്ട് എന്നിവ കുറഞ്ഞത് ആറു മാസത്തേക്ക് കൂടി ദീർഘിപ്പിച്ച് നൽകണമെന്നും വിവിധ അംബാസഡര്‍മാർക്കയച്ച കത്തിൽ നോർക്ക ആവശ്യപ്പെട്ടു.