ഗള്‍ഫ് രാജ്യങ്ങളിൽ കൊറോണ വ്യാപിക്കുന്നു: പ്രതിരോധപ്രവർത്തനങ്ങൾ സുസജ്ജം

0
33

ഗൾഫ് രാജ്യങ്ങളിൽ കൊറോണ ബാധിതരുടെ എണ്ണം വർധിക്കുന്നു. ജിസിസി രാഷ്ട്രങ്ങളിലെ നാല് രാജ്യങ്ങളിലായി 93 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിലേറ്റവും കൂടുതല്‍ കേസുകൾ കുവൈറ്റിലാണ്. 43 പേരിലാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ബഹ്റൈനിൽ 33 പേർക്കും യുഎഇയിൽ 13 പേർക്കും ഒമാനിൽ നാല് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ചൈനയ്ക്ക് പുറത്ത് രോഗം ബാധിച്ച മധ്യപൂർവേഷ്യൻ രാജ്യമായ ഇറാനിൽ നിന്നെത്തിയവർക്കോ അല്ലെങ്കിൽ അവരുമായി സമ്പർക്കം പുലർത്തിയവർക്കോ ആണ് ഗൾഫ് രാജ്യങ്ങളിൽ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇറാനിൽ‌ ഇതുവരെ 19 പേർ അസുഖബാധിതരായി മരിച്ചെന്നാണ് കണക്കുകൾ. ഇറാഖിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ചയാണ് വൈറസ് വ്യാപിക്കാൻ ഇടയാക്കിയതെന്നും വിമർശനങ്ങളുണ്ട്.

രോഗം സ്ഥിരീകരിച്ച ഗൾഫ് രാഷ്ട്രങ്ങളെല്ലാം വൈറസ് വ്യാപിക്കാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. വൈറസ് ബാധ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ഖത്തറും സൗദി അറേബ്യയും കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സുരക്ഷ മുന്‍കരുതല്‍ എന്ന നിലയ്ക്ക് സൗദിയിൽ ഉംറ തീർഥാടകർക്ക് താത്ക്കാലിക വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. മിക്ക രാജ്യങ്ങളും ഇറാനിൽ നിന്നും ഇറാനിലേക്കുമുള്ള വിമാനങ്ങൾക്കും വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.