കുവൈത്ത് സിറ്റി: തൊഴിലാളികൾക്ക് ഗാർഹിക മേഖലയിൽ നിന്ന് സ്വകാര്യ മേഖലയിലേക്ക് വിസ മാറ്റാൻ തീരുമാനം പുറപ്പെടുവിച്ചതു മുതൽ ലഭിച്ചത് 30,000 അപേക്ഷകൾ. ജൂലൈ 14 മുതൽ ആഗസ്ത് പകുതി വരെ ലഭിച്ച അപേക്ഷകളിൽ നിന്നും 10,000 എണ്ണം പ്രോസസ്സ് ചെയ്തു. ബാക്കിയുള്ള അപേക്ഷകൾ നിലവിൽ അവലോകനത്തിലാണ്. ഗാർഹിക മേഖലയിൽ നിന്ന് സ്വകാര്യ മേഖലയിലേക്ക് വിസ മാറ്റാനുള്ള തീരുമാനം നിലവിൽ വരുന്നത് ജൂലൈയിലാണ്. ഈ തീരുമാനം തൊഴിലാളികളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനാണ് ലക്ഷ്യം വെക്കുന്നത്. കൂടാതെ നിർമാണ മേഖലയിലുൾപ്പടെ വിവിധ മേഖലകളിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാനും ഇത് ലക്ഷ്യമിടുന്നു. വിസ മാറ്റത്തിന്‍റെ സമയപരിധി സെപ്തംബർ 12 വരെയാണ്. അതിനിടെ, കഴിഞ്ഞ ആറു മാസമായി വാണിജ്യ, ടൂറിസ്റ്റ്, ഫാമിലി വിസകൾ ഉൾപ്പടെ 70,000 സന്ദർശക വിസകൾക്ക് റസിഡൻസി അഫയേഴ്സ് അനുമതി നൽകിയിട്ടുണ്ടെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.