ഗോൾഡൻ ഫോക് അവാർഡ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് സ്ഥാപകനും സി.ഇ.ഒ യും ആയ മുസ്തഫ ഹംസയ്ക്ക്

0
64

കുവൈത്ത് സിറ്റി: കുവൈത്തിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാട്സ് അസോസിയേഷൻ (ഫോക്), വിവിധ മേഖലകളിലെ സ്തുത്യർഹ സേവനങ്ങൾക്ക് നൽകുന്ന ഗോൾഡൻ ഫോക് അവാർഡിന് മുസ്തഫ ഹംസ അർഹനായി. കുവൈത്തിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാനും സി.ഇ.ഒ.യു മാണ്. വിവിധ സാമൂഹിക, സാംസ്കാരിക സംഘടനകളുടെ നേതൃ സ്ഥാനവും വഹിക്കുന്നു. ഈ വർഷം ഗൾഫ് മേഖലയിൽനിന്നുള്ള കണ്ണൂർ ജില്ലക്കാരനായ പ്രവാസി സംരംഭകൻ/ സംരംഭക എന്ന മേഖലയാണ് അവാർഡിനായി പരിഗണിച്ചത്. ശില്പവും പ്രശസ്തിപത്രവും 25,000 രൂപയും അടങ്ങുന്നതാണ് അവാർഡ്.

വളരെ ചെറിയ കാലയളവിൽ കുവൈറ്റിലെ ആരോഗ്യ മേഖലയിലെ പ്രശസ്ത വക്താക്കളാകാൻ മുസ്തഫ ഹംസയുടെ നേതൃത്വത്തിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പിന് സാധിച്ചു. സാമൂഹ്യസേവനത്തിൽ കേന്ദ്രികൃതമായ രോഗീപരിചരണം ആണ് മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ പ്രധാന ലക്ഷ്യം. കോവിഡ്, ഗാസ, വയനാട് മണ്ണിടിച്ചിൽ തുടങ്ങി ദുരന്തമുഖങ്ങളിൽ സ്തുത്യർഹമായ സഹായങ്ങൾ നൽകുന്നതിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പ് മുൻനിരയിൽ ആയിരുന്നു. പതിനായിരക്കണക്കിന് ആളുകൾക്ക് സൗജന്യ ചികിത്സ നൽകുന്നതിലൂടെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഇതിനോടകം തന്നെ പ്രശസ്തി നേടിയിട്ടുണ്ട്.

നവംബർ എട്ടിന് കുവൈത്തിൽ നടക്കുന്ന ഫോക്കിന്റെ പത്തൊൻപതാമത് വാർഷികാഘോഷം, കണ്ണൂർ മഹോത്സവം 2024 വേദിയിൽ അവാർഡ് കൈമാറുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ജൂറി അംഗങ്ങളായ അജയകുമാർ, ദിനകരൻ കൊമ്പിലാത്ത്, ഫോക് ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ചന്ദ്രമോഹൻ കണ്ണൂർ, ടി.കെ.രാഘവൻ, രജിത്ത് പന്ന്യൻ, ഗിരിമന്ദിരം ശശികുമാർ, ഫോക് കേന്ദ്ര കമ്മിറ്റിയംഗം ഡി.കെ.വിജേഷ് എന്നിവർ പങ്കെടുത്തു.